കാർഡില്ലാതെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാം
മുംബയ്: കാർഡില്ലാതെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാവുന്ന 'യോനോ ക്യാഷ്" സംവിധാനം എസ്.ബി.ഐ അവതരിപ്പിച്ചു. എസ്.ബി.ഐയുടെ 16,500ലേറെ വരുന്ന എ.ടി.എമ്മുകളിൽ ഈ സേവനം ലഭിക്കും. 'യോനോ ക്യാഷ് പോയിന്റ്" എന്നാണ് ഇത്തരം എ.ടി.എമ്മുകൾ അറിയപ്പെടുക.
യോനോ ആപ്പ് മുഖേനയാണ് പണം പിൻവലിക്കാനാവുക. ഇതിനായി, ആറക്ക പിൻ നമ്പർ ഉപഭോക്താവ് തയ്യാറാക്കണം. ഉപഭോക്താവിന്റെ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് ആറക്ക യോനോ ക്യാഷ് പിൻ എസ്.എം.എസ് ആയും ലഭിക്കും. തുടർന്ന്, അരമണിക്കൂറിനകം എസ്.ബി.ഐ എ.ടി.എമ്മിൽ നിന്ന് പിൻ നമ്പറും റഫറൻസ് നമ്പറും ഉപയോഗിച്ച് പണം പിൻവലിക്കാം.
എ.ടി.എം കാർഡുകൾ എ.ടി.എം മെഷീനുകളിൽ ഉപയോഗിക്കുമ്പോൾ തട്ടിപ്പുകൾക്ക് ഇരയാകുന്ന സാദ്ധ്യത ഇല്ലാതാക്കാൻ യോനോ ക്യാഷ് സംവിധാനം സഹായിക്കുമെന്ന് എസ്.ബി.ഐ വ്യക്തമാക്കി. പദ്ധതി മുഖേന, ഡെബിറ്ര് കാർഡ് ഇല്ലാതെ തന്നെ പണം പിൻവലിക്കാം. രണ്ടുവർഷത്തിനകം യോനോ വഴി എല്ലാ ഇടിപാടുകളും ഒരൊറ്റ കുടക്കീഴിലാക്കി ഒരു ഡിജിറ്രൽ ലോകം ഒരുക്കാനാണ് എസ്.ബി.ഐ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. 85 ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഉത്‌പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ആദ്യത്തെ സമഗ്ര ഡിജിറ്റൽ ബാങ്കിംഗ് പ്ളാറ്റ്‌ഫോമാണ് എസ്.ബി.ഐ യോനോ. 2017ൽ അവതരിപ്പിച്ച യോനോ, കഴിഞ്ഞ ഫെബ്രുവരി വരെ 1.8 കോടിയിലേറെ പേരാണ് ഡൗൺലോഡ് ചെയ്‌തത്.