തിരുവനന്തപുരം: വാതുവയ്പ് കേസിൽ ശ്രീശാന്തിനേർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ.
വിധി ശരിക്ക് പഠിക്കാൻ സമയം കിട്ടിയില്ലെന്നും ബി.സി.സി.ഐയിൽ നിന്ന് ശ്രീക്ക് അനുകൂലമായ തീരുമാനം വരുമെന്നാണ് പ്രതീക്ഷയെന്നും വിലക്ക് മാറി ശാരീരികക്ഷമത വീണ്ടെടുത്താൽ അദ്ദേഹത്തെ കേരളാ ടീമിൽ ഉൾപ്പെടുത്തുമെന്നും കെ.സി.എ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി.നായർ കേരളകൗമുദിയോട് പറഞ്ഞു.
ശ്രീശാന്തിനായി
കത്തയച്ചേക്കും
നിലവിൽ ബി.സി.സി.ഐയിൽ സുപ്രീം കോടതി നിയമിച്ച ഇടക്കാലയ ഭരണസമിതിയാണ് കാര്യങ്ങൾ നടത്തുന്നത്. അതിനാൽ പഴയതുപോലെ കെ.സി.എക്ക് സമ്മർദ്ദം ചെലുത്തുന്നതിൽ പരിമിതികൾ ഉണ്ട്.
എന്നാൽ കേരളം ജന്മം നൽകിയ ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ പ്രഥമ ഗണനീയനായ ശ്രീയെ കൈവിടാൻ കെ.സി.എ ഒരുക്കമല്ല. ശ്രീശാന്തിന്റെ വിലക്ക് മാറ്റുന്നത് സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐയ്ക്ക് കത്തയക്കാനാണ് കെ.സി.എയുടെ നീക്കം.
ആലപ്പുഴയിൽ ചേരുന്ന കെ.സി.എയുടെ പ്രത്യേക ജനറൽ ബോഡിയിൽ കൂടിയാലോചിച്ച ശേഷമായിരിക്കും മിക്കവാറും കത്തയക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.
ഫിറ്റ്നസുണ്ടേൽ
ടീമിൽ ഉറപ്പ്
ശ്രീശാന്തിന്റെ കഴിവിനെപ്പറ്റി നല്ല ബോധ്യമുണ്ടെന്നും അദ്ദേഹത്തിന് ഇനിയൊന്നും പ്രകടനപരമായി തെളിയിക്കാനില്ലെന്നും വിലക്ക് മാറി ശാരീരിക ക്ഷമത തെളിയിച്ചാൽ ഉറപ്പായും കേരള ടീമിൽ അവസരം നൽകുമെന്നും ശ്രീജിത്ത് പറഞ്ഞു. കേരളത്തിലുള്ള മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. ക്ലബിൽ കളിച്ചൊന്നും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.
ശ്രീശാന്തിനോളം കൃത്യതയോടെ ഔട്ട്സിംഗർ എറിയുന്ന ഇന്ത്യൻ ബൗളർ വേറെയില്ലെന്നാണ് രാഹുൽ ദ്രാവിഡ് കഴിഞ്ഞ ദിവസം പറഞ്ഞത്.ശ്രീശാന്തിന് നഷ്ടമായ ആറ് വർഷങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന്റയും നഷ്ടമാണെന്നും കെ.സി.എയുടെ പിന്തുണ ശ്രീശാന്തിന് എപ്പോഴും ഉണ്ടെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.