തിരുവനന്തപുരം: കീഴാറ്റൂർ ബൈപ്പാസ് സമരത്തിലൂടെ ശ്രദ്ധ നേടിയ വയൽക്കിളികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. കണ്ണൂർ മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ അറിയിച്ചു.
തളിപ്പറമ്പ് വഴി കടന്നു പോകുന്ന ദേശീയപാതയുമായി ബന്ധപ്പെട്ട കീഴാറ്റൂർ ബൈപ്പാസ് പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോയതോടെ കീഴാറ്റൂർ കേന്ദ്രീകരിച്ച് സമരം ആരംഭിക്കുകയായിരുന്നു. സി.പി.എം പ്രവർത്തകനായിരുന്ന സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം പ്രദേശവാസികൾ വയൽക്കിളികൾ എന്ന പേരിൽ സമര രംഗത്തിറങ്ങുകയായിരുന്നു. സർവേ നടപടികളും സ്ഥലമേറ്റെടുക്കാനുള്ള മറ്റു നീക്കങ്ങളും വയൽക്കിളികൾ ശക്തമായി പ്രതിരോധിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി.
ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കീഴാറ്റൂർ നിവേദനം മന്ത്രിക്ക് നൽകിയെങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ കീഴാറ്റൂരിലൂടെയള്ള ബൈപ്പാസ് പദ്ധതിക്കുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തുവന്നു. സമരത്തെ ആദ്യഘട്ടത്തിൽ ശക്തമായി പിന്തുണച്ച യുഡിഎഫും ബിജെപിയും പിന്നീട് പിൻവലിഞ്ഞിരുന്നു.