കോഴിക്കോട്: മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ജ്വല്ലറിക്കെതിരെ വ്യാജ വാർത്ത നൽകിയ സുദർശൻ ചാനലിനെതിരെ കോടതി അമ്പത് ലക്ഷം രൂപ പിഴ ചുമത്തി. കോഴിക്കോട് അഡീഷനൽ സബ്കോടതിയാണ് ചാനലിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉത്തരവിട്ടത്. സുദർശൻ ചാനൽ ടിവിക്കും എഡിറ്റർ സുരേഷ് ചാവെങ്കെക്കുമെതിരെ മലബാർ ഗോൾഡ് ഡയറക്ടർ എം.പി അഹമ്മദ് നൽകിയ മാനനഷ്ടക്കേസിലാണ് ഉത്തരവ്.
ദുരുദ്ദേശത്തോടെ മലബാർ ഗോൾഡിന്റെ രാജ്യസ്നേഹത്തെ ഇകഴ്ത്തുന്ന രീതിയാണ് വാർത്ത നൽകിയതെന്നാണ് ജ്വല്ലറിയുടെ വാദം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി നടത്തിയ പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനാഘോഷത്തെയാണ് മലബാർ ഗോൾഡ് ചെന്നെെയിൽ നടത്തിയതാണ് എന്ന തരത്തിൽ സുദർശൻ ചാനലിൽ വാർത്ത വന്നത്.
2016 ആഗസ്ത് 20 നാണ് കേസിനാസ്പദമായ സംഭവം. മലബാർ ഗോൾഡിനെക്കുറിച്ചുള്ള വ്യാജ വാർത്ത ചിത്രങ്ങൾ മോർഫ് ചെയ്താണ് ചാനൽ പുറത്ത് വിട്ടത്. ഇതിനെതിരെ ജ്വല്ലറി കോടതിയെ സമീപിക്കുകയായിരുന്നു. വാദത്തിനൊടുവിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുദർശൻ ചാനൽ അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു. കോടതി ചെലവുകൾ അടക്കമാണിത്.
മലബാർ ഗോൾഡിന് വേണ്ടി പി.എസ്. ശ്രീധരൻപിള്ള, അഡ്വ. കെ.റീത്ത, അഡ്വ. അരുൺക്യഷ്ണ ദാൻ എന്നിവരാണ് ഹാജരായത്.