kodiyeri-balakrishnan

കോഴിക്കോട്: ജയ്‌ഷെ മുഹമ്മദുമായി പോലും മുന്നണിയുണ്ടാക്കും എന്ന അവസ്ഥയിലാണ് യു.ഡി.എഫെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പരാജയ ഭീതിയിലാണ് അവരെന്നതിന്റെ തെളിവാണ് എസ്.ഡി.പി.ഐയുമായി മുന്നണിയുണ്ടാക്കാനുള്ള നീക്കം. ഇത് മുസ്ലിം ലീഗിന്റെ മതേതരത്വമെന്ന മുഖം മൂടി വലിച്ചു കീറുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.

കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. പ്രദീപ് കുമാറിന്റെ വെബ് സൈറ്റ് ഉദ്ഘാടനത്തിനു ശേഷം മാദ്ധ്യമ പ്രവർത്തകരോടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇത്രയും കാലം പറഞ്ഞതിന് വിരുദ്ധമാണ് മുസ്ലിം ലീഗ് ചെയ്യുന്നത്. ലീഗിന്റെ സ്ഥാനാർത്ഥികളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും എസ്.ഡി.പി.ഐയുമായി ചേർന്ന് മുന്നണിയുണ്ടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എസ്.ഡി.പി.ഐയുമായി ലീഗ് നേതാക്കൾ യോഗം ചേർന്നത് സർക്കാരിന്റെ അധീനതയിലുള്ള കെ.ടി.ഡി.സി ഹോട്ടലിലാണ്. സർക്കാർ അധീനതിയിലുള്ള സ്ഥാപനങ്ങൾ രാഷ്ടീയ ചർച്ചകൾക്കുവേണ്ടി ഉപയോഗിക്കാൻ പാടില്ല. ഇത് ഇലക്ഷൻ കമ്മീഷന്റെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്. അവരവിടെ ഭക്ഷണം കഴിക്കാൻ വന്നതല്ല ചർച്ചക്കുവേണ്ടി വന്നതാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ചർച്ച നടത്തിയെന്ന് ചില എസ്.ഡി.പി.ഐ നേതാക്കൾ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ ചട്ടലംഘനത്തിന് ഇലക്ഷൻ കമ്മീഷൻ കേസെടുക്കണം. കെ.ടി.ഡി.സിയിൽ യോഗം ചേർന്ന കുഞ്ഞാലിക്കിട്ടിക്കും, ഇ.ടി.മുഹമ്മദ് ബഷീറിനുമെതിരെ എൽ.ഡി.എഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകും.

ഇതു സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടെന്താണെന്ന് അദ്ദേഹം വ്യക്തമാക്കണം. യു.ഡി.എഫ് രാഷ്ടീയപരമായും സംഘടനാപരമായും ദുർബലമാണ്. കോൺഗ്രസിന്റെ സീറ്റാണ് ഇടുക്കി. ആ സീറ്റിലാണ് കേരളാ കോൺഗ്രസിന്റെ ഒരാൾ സ്വതന്ത്രമായി നിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കുറച്ചു കാലമായി പി.ജെ. ജോസഫ് കോൺഗ്രസിന്റെ കൈയ്യായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണിത്. പി.ജെ. ജോസഫിനെ ഉപയോഗിച്ച് കേരള കോൺഗ്രസിനെ പിളർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

സ്ഥാനാർത്ഥി നിർണയം പോലും നടത്താനാകാത്ത മുന്നണിക്ക് എങ്ങനെ രാജ്യത്തെ നയിക്കാനാകും. കോഴിക്കോട് മണ്ഡലം ഇത്തവണ ഇടതു മുന്നണി തിരിച്ചു പിടിക്കും. അതിനു പറ്റിയ സ്ഥാനാർത്ഥിയാണ് എ. പ്രദീപ് കുമാർ. ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന ജനപ്രതിനിധിയാണ് അദ്ദേഹമെന്ന് കോടിയേരി പറഞ്ഞു. ചടങ്ങിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, ജില്ല സെക്രട്ടറി പി. മോഹനൻ, പി.എ. മുഹമ്മദ് റിയാസ്, മാമ്പറ്റ ശ്രീധരൻ, പി.നിഖിൽ എന്നിവർ പങ്കെടുത്തു.