ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞടുപ്പിൽ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച സ്ക്രീനിംഗ് കമ്മിറ്റി യോഗം പൂർത്തിയായി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായതായാണ് സൂചന. എന്നാൽ ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. നാളെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി നാളെ വൈകിട്ട് നാലിന് യോഗം ചേരും. സിറ്റിംഗ് എം.പിമാരുടെ കാര്യത്തിലും യോഗം തീരുമാനമെടുക്കും..
മുതിർന്ന നേതാക്കളുടെ കാര്യത്തിൽ നാളെ ചേരുന്ന കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയുടേതാകും അന്തിമതീരുമാനം. ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കും. സീറ്റില്ലെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്ന് എറണാകുളത്തെ സിറ്റിംഗ് എം.പി കെ.വി തോമസും വ്യക്തമാക്കി.കെ.സി.വേണുഗോപാൽ മത്സരിക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയായിരിക്കും തീരുമാനിക്കുക.
എറണാകുളത്തിന്റെ കാര്യത്തിൽ കെ.വി തോമസിനെ സ്‌ക്രീനിംഗ് കമ്മിറ്റി വിളിച്ചു വരുത്തി നിലപാടാരാഞ്ഞിരുന്നു
ജാതിസമവാക്യങ്ങൾ പരിഗണിച്ചാവും എറണാകുളം, ചാലക്കുടി, ഇടുക്കി, തൃശൂർ സീറ്റുകളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. കെ.സി വേണുഗോപാൽ വയനാട്ടിൽ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചാൽ ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിൽ മത്സരിക്കും.
ഇടുക്കി, ആലപ്പുഴ, വടകര, പത്തനംതിട്ട, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, എം.കെ രാഘവൻ, കെ.സുധാകരൻ, ദിവ്യ ഹരിദാസ്, സുബ്ബയ്യ റായ് എന്നിവരുടെ കാര്യത്തിൽ കഴിഞ്ഞ യോഗത്തിൽ ധാരണയായിരുന്നു. ചാലക്കുടിയിൽ ബെന്നി ബെഹനാൻ, തൃശൂരിൽ ടി.എൻ. പ്രതാപൻ എന്നിവരുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്.