ബംഗളൂരു: അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത ഇന്നലെ ബി.ജെ.പി നേതാവ് എസ്.എം.കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ സുമലത ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് തുടക്കമായി.  മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് എസ്.എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയത്.

കോൺഗ്രസ് സീറ്റ് നിഷേധിച്ചോടെ സുമതല സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കണോ എന്നത് ജനങ്ങളാണ് പറയേണ്ടത്. അംബരീഷിന്റെ അനുയായികളുമായി ഇക്കാര്യങ്ങൾ ആലോചിക്കുകയാണെന്നും അവരുടെ തിരുമാനത്തിന് കാത്ത് നിൽക്കുകയാണെന്നും സുമലത പറഞ്ഞിരുന്നു. മാർച്ച് 18 ന് തിരുമാനം വ്യക്തമാക്കുമെന്നും സുമലത അറിയിച്ചിരുന്നു.
മാണ്ഡ്യ സീറ്റ്‌ ജെ.ഡി.എസിന്‌ നൽകിയതിലൂടെ കോൺഗ്രസ്‌ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും നിരാശപ്പെടുത്തിയിരിക്കുകയാണെന്ന്‌ കൂടിക്കാഴ്ചയ്ക്ക് ശേഷം സുമലത മാദ്ധ്യമങ്ങലോട് പറഞ്ഞു.

മാണ്ഡ്യയിൽ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകൻ നിഖിൽ കുമാരസ്വാമിയാണ് കോൺ-ജെ.ഡി.എസ് സഖ്യസ്ഥാനാർത്ഥി.