modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. പ്രധാനമന്ത്രി ദലിത് വിരുദ്ധനാണ്, ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ വാരാണസിയിൽ താൻ മത്സിക്കുമെന്നും ചന്ദ്രശേഖർ ആസാദ് കൂട്ടിച്ചേർത്തു. ജന്തർ മന്തറിൽ നടന്ന ഹുങ്കാർ റാലിയിലാണ് ഭീം ആർമി നേതാവിന്റെ വിമർശനം.

മോദി ശുചീകരണ തൊഴിലാളികളുടെ കാലു കഴുകി സഹതാപം പിടിച്ചുപറ്റാൻ നടത്തിയ ശ്രമിച്ചത്തെയും ആസാദ് പരിഹസിച്ചു. ഞാൻ വരാണസിയിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാൽ മോദി എന്റെ സഹോദരങ്ങളുടെ പാദം കഴുകുന്നത് നിങ്ങൾക്ക് കാണാം. ആസാദ് പറഞ്ഞു. മോദി ഒരു ദളിത് വിരുദ്ധനായത് കൊണ്ട് താൻ ബനാറസിൽ പോകുകയാണ്,​ മോദിയെ പരാജയപ്പെടുത്താൻ ജനങ്ങളുടെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ സ്മ‌ൃതി ഇറാനിക്കെതിരെയും ശക്തമായ സ്ഥാനാർത്ഥിയെ മത്സിരിപ്പിക്കുമെന്ന് ആസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം അതുകൊണ്ടാണ് മോദിക്കെതിരെ മത്സരിക്കുന്നതെന്നും ആസാദ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചന്ദ്രശേഖരനെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയെ വിമർശിച്ച് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു.തുടർന്ന് ആശുപത്രിയിൽ വച്ച് ആസാദുമായി കൂടിക്കാഴ്ചയും നടത്തി.. എന്നാൽ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് പ്രിയങ്ക ഗാന്ധി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.