പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രം പി.എം. നരേന്ദ്രമോദി 2019 ഏപ്രിൽ 12ന് തിയേറ്ററുകളിലെത്തും. വിവേക് ഒബ്‌റോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിക്കുന്ന ചിത്രം ജനുവരിയിലാണ് ഗുജറാത്തിൽ ചിത്രീകരണം ആരംഭിച്ചത്. അഹമ്മദാബാദിലും കച്ചിലും ഉത്തരാഖണ്ഡിലും ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. അവസാന ഭാഗങ്ങൾ മുംബയിലാണ് ചിത്രീകരിക്കുന്നത്.
സബർമതി എക്സ്പ്രസിന്റെ കോച്ചിന് ഒരു സംഘം തീയിട്ട ഗോധ്ര ആക്രമണം ‘പി.എം നരേന്ദ്രമോദി’ ചിത്രത്തിനായി പുനരാവിഷ്കരിച്ചിരുന്നു.
മേരികോം, സരബ്‌ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമങ്ങ് കുമാറാണ് 'പി.എം. നരേന്ദ്രമോദി' സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്‌റോയിയുടെ പിതാവ് സുരേഷ് ഒബ്‌റോയിയും സന്ദീപ് സിംഗുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ലൂസിഫറിലും വിവേക് അഭിനയിക്കുന്നുണ്ട്.