പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം വർദ്ധിച്ച് വരികയാണ്. സ്ഥാനാർത്ഥികൾ ആരൊക്കെയാണെന്നുള്ള പ്രഖ്യാപനം പൂർത്തിയായില്ലെങ്കിലും ചില മണ്ഡലങ്ങളിൽ ചിത്രം തെളിഞ്ഞുവരികയാണ്. എല്ലാ പാർട്ടികൾക്കും പ്രചാരണത്തിനായി ഔദ്യോഗികവും അനൗദ്യോഗികവുമായ സോഷ്യൽ മീഡിയ അക്കൗണ്ടുകളുമുണ്ട്.
സി.പി.എമ്മിന്റെ പേരിലുള്ള 'സിപിഐഎം സൈബര്‍ സഖാക്കള്‍' എന്ന ഫേയ്‌സ്ബുക്ക് പേജിൽ പ്രചാരണം കൊഴുപ്പിക്കാൻ നടത്തിയ ശ്രമങ്ങാണ് ഇപ്പോൾ സഖാക്കൾക്ക് തന്നെ തിരിച്ചടിയായിരിക്കുന്നത്. പത്തനംതിട്ടയിൽ ആര് ജയിക്കും എന്ന് പ്രവചിക്കാനുള്ള ഒാൺലെെൻ പോളാണ് സെെബർ സഖാക്കൾക്ക് വിനയായത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിനെയും യു.ഡിഎഫിന്റെ ആന്റോ ആന്റണിയേയുമാണ് പോളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒാൺലെെൻ പോളിൽ ആര് ജയിക്കും എന്ന് പ്രവചിക്കാനാണ് പേജിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പോളിൽ യു.ഡി.എഫ് ആന്റോ ആന്റണി സ്ഥാനാർത്ഥി വിജയിച്ചതാണ് ഇപ്പോൾ സെെബർ സഖാക്കളെ അമ്പരപ്പിച്ചിട്ടുള്ളത്. പതിനെണ്ണായിരത്തിലധികം പേജ് ലൈക്കും ഇരുപതിനായിരത്തോളം ഫോളോവേഴ്‌സുമുള്ള ഈ പേജിൽ നടത്തിയ പോളിൽ മൊത്തം 41000 പേരാണ് വോട്ട് ചെയ്തത്.
എന്നാൽ ഇതിൽ വീണ ജോർജിന് 47 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ആന്റോ ആന്റണിക്ക് 53 ശതമാനം വോട്ട് നേടി മുന്നിലെത്തുകയും ചെയ്തു. ഇതുവരെ നിശ്ചയിക്കാത്ത യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചത് സഖാക്കളെയും കോൺഗ്രസുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.