തിരുവനന്തപുരം: എന്താണ് നമ്മുടെ നഗരത്തിൽ നടക്കുന്നത്...? യുവാക്കളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോവുന്നു, 24മണിക്കൂറും പൊലീസ് ചീറിപ്പായുന്ന ദേശീയപാതയോരത്ത് മൃഗീയമായി കൊന്നുതള്ളുന്നു, നഗരമദ്ധ്യത്തിൽ യുവാവിനെ കുപ്പി പൊട്ടിച്ച് കുത്തിക്കൊല്ലുന്നു..ഭീതി വിതയ്ക്കുന്ന ഈ സംഭവങ്ങൾക്കെല്ലാം പിന്നിൽ ലഹരിമാഫിയയാണെന്നാണ് പൊലീസ് പറയുന്നത്. സംഗതി നിസാരമല്ല, പ്രതിമാസം 100 കോടിയുടെ ലഹരിമരുന്ന് വ്യാപാരം നടക്കുന്ന വൻ കമ്പോളമാണ് തിരുവനന്തപുരം. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും യുവാക്കളുമെല്ലാം ലഹരിമാഫിയയുടെ ഇരകൾ. മെട്രോനഗരമായ കൊച്ചിയെ പിന്തള്ളി ലഹരിവ്യാപാരം പൊടിപൊടിക്കുന്ന തലസ്ഥാനം പേടിപ്പെടുത്തുകയാണ്. പൊലീസും എക്സൈസും പതിവുള്ള പരിശോധനകൾക്കപ്പുറം ഒന്നും ചെയ്യാനാവാതെ പകച്ചുനിൽക്കുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് തലസ്ഥാനത്തേക്ക് മയക്കുമരുന്നെത്തിക്കുന്ന വൻശൃംഖലയുടെ വേരറുക്കാതെ തലസ്ഥാനത്തെ മയക്കുമരുന്ന് ഗ്യാംഗുകളുടെ പേക്കൂത്തിന് അറുതിവരുത്താനാവില്ല. 200 രൂപ മുതലുള്ള ചെറിയ പൊതികളിൽ കഞ്ചാവ് കൊണ്ടുനടന്ന് വിൽക്കുന്നവർ മുതൽ വീര്യംകൂടിയ മയക്കുമരുന്ന് വിതരണക്കാർ വരെ നഗരത്തിൽ സജീവമാണ്. ഫ്ലാറ്റുകളിലും ഹോട്ടലുകളിലും വിദ്യാർത്ഥിനികളടക്കം പങ്കെടുക്കുന്ന ലഹരിപാർട്ടികൾ സജീവം. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഫ്ലാറ്റുകളിൽ തമ്പടിച്ച് ലഹരിയുപയോഗിക്കുന്നത് പതിവായി. വരുംതലമുറയെ നശിപ്പിച്ച് ലഹരിമാഫിയയുടെ വേരുകൾ ആഴ്ന്നിറങ്ങുമ്പോഴും പൊലീസിനും എക്സൈസിനും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. നഗരത്തിലെ ആറ് കോളനികളാണ് ലഹരിമരുന്ന് വ്യാപാരത്തിന്റെ കേന്ദ്രം. കോളേജുകളിൽ യഥേഷ്ടം മയക്കുമരുന്നെത്തിക്കുന്നത് ഈ കോളനികളിൽ നിന്നാണെന്ന്
പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എക്സൈസിന്റെ കണക്കുപ്രകാരം കഴിഞ്ഞവർഷം ഏറ്റവുമധികം ലഹരി, മയക്കുമരുന്ന് കേസുകളുണ്ടായതും കൂടുതൽപേർ അറസ്റ്റിലായതും തിരുവനന്തപുരത്താണ്. ലാറ്റ്വിയൻ സ്വദേശിനിയെ കോവളത്തെ ലഹരിമാഫിയ കൊലപ്പെടുത്തിയിട്ട് ഒരാണ്ടായപ്പോഴാണ് യുവാക്കളെ മൃഗീയമായി ലഹരിസംഘങ്ങൾ കൊന്നൊടുക്കുന്നത്.
കഞ്ചാവിലും മയക്കുപൊടികളിലും ഒതുങ്ങുന്നതല്ല തലസ്ഥാനത്തെ ലഹരി വ്യാപാരം. ഉന്മാദത്തിനായി നാവിലൊട്ടിക്കുന്ന എൽ.എസ്.ഡി സ്റ്റാമ്പ്, പെത്തഡിൻ, കൊക്കെയ്ൻ, മയക്കുഗുളികകൾ, ലഹരികഷായങ്ങൾ എന്നിവ നഗരത്തിൽ സുലഭമാണ്. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിപ്പുള്ള മയക്കുമരുന്നുകളാണ് തലസ്ഥാനത്തെത്തുന്നത്. ചെറിയ പൊതികളിൽ കഞ്ചാവ് കൊണ്ടുനടന്ന് വിറ്റിരുന്നവർ പോലും ഇപ്പോൾ മയക്കുമരുന്നുകളാണ് വിൽക്കുന്നത്. 20കോടി വിലയുള്ള, പത്തു കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികളായ രണ്ടുപേർ പിടിയിലായത് അടുത്തിടെയാണ്.
കിലോയ്ക്ക് ഒരുകോടി വിലയുള്ള 'മെത്ത്ട്രാക്സ് ' മയക്കുമരുന്ന് അടുത്തിടെ തലസ്ഥാനത്ത് പിടികൂടിയിരുന്നു. രാജ്യത്തുതന്നെ അപൂർവമായി ലഭിക്കുന്ന 'മെത്ത്ട്രാക്സ് ' അഫ്ഗാനിസ്ഥാനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ എത്തിച്ചതാണെന്നാണ് മ്യൂസിയം പൊലീസ് കണ്ടെത്തിയത്. ഒരു തവണ ഉപയോഗിച്ചാൽ അടിമയാക്കി മാറ്റുന്ന ഏറ്റവും ഹീനമായ 'മെത്ത്ട്രാക്സ് ' ലഹരിപാർട്ടികൾ നടത്തുന്നവർക്കോ വിദേശ സഞ്ചാരികൾക്കോ വിദ്യാർത്ഥികൾക്കോ വേണ്ടിയാണ് എത്തിച്ചതെന്ന കണ്ടെത്തലിനപ്പുറം പൊലീസിന്റെ അന്വേഷണമുണ്ടായില്ല.
ഞെട്ടിക്കുന്ന കണക്കുകൾ
നഗരത്തിലെ മിക്ക ഗുരുതര കുറ്റകൃത്യങ്ങൾക്കും പിന്നിൽ ലഹരിക്ക് അടിമകളായ യുവാക്കളാണെന്നാണ് പൊലീസിന്റെ കണക്ക്. വിദ്യാർത്ഥികളെ ഉപയോഗിച്ച് കഞ്ചാവും മയക്കുമരുന്നുകളും വില്പന നടത്തുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുമുണ്ട്. ആന്റി നാർകോട്ടിക് ക്ലബുകളിലൂടെ ലഹരിക്ക് അടിമകളായ കുട്ടികളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കാറുണ്ട്. അഡി. ഡി.ജി.പിയുടെ കുടുംബബന്ധുവിന്റെ മകൻ മുതൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ മക്കൾ വരെ ലഹരിക്ക് അടിമകളായിപ്പോയ തലസ്ഥാനത്തെ 105 സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ സിറ്റി പൊലീസ് ലഹരിവിമുക്ത കേന്ദ്രങ്ങളിൽ ഒരുമാസം വരെ നീളുന്ന ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നിട്ടുണ്ട്. കഞ്ചാവും മയക്കുഗുളികകളും സ്ഥിരമായി ഉപയോഗിച്ചിരുന്നവരാണിവർ. മെഡിക്കൽകോളേജിലെ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവുമായി അറസ്റ്റ് ചെയ്തത് അടുത്തിടെയാണ്. ആസ്മാരോഗികൾക്ക് ശ്വാസതടസം മാറ്റാനുള്ള എഫിഡ്രിൻ മരുന്ന് വിദേശവിപണിയിൽ മൂന്നുലക്ഷത്തിലേറെ വിലയുള്ള മയക്കുമരുന്നാണിപ്പോൾ. വിമാനത്താവളത്തിൽ 50കോടിയുടെ എഫിഡ്രിൻ അടുത്തിടെ പിടികൂടിയിരുന്നു.
അടയ്ക്കേണ്ടത് ലഹരിയുടെ വഴി
തിരുനെൽവേലി, തേനി, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് തിരുവനന്തപുരത്തേക്കുള്ള മയക്കുമരുന്ന് സപ്ലൈ. ബംഗളുരുവിൽ നിന്ന് വോൾവോ ബസുകളിലും ട്രെയിനുകളിലുമെത്തിക്കുന്ന കഞ്ചാവ് കഴക്കൂട്ടത്തും ചെറിയ സ്റ്റേഷനുകളിലും ഇറക്കി കോളനികളിലേക്കെത്തിക്കുന്ന രീതിയുമുണ്ട്. വിദ്യാർത്ഥികളായി നടിച്ച് ബംഗളൂരുവിലെ ചിക്തിരുപ്പതിയിൽ വാടകവീടെടുത്ത് ഹാഷിഷ്, ബ്രൗൺഷുഗർ, കഞ്ചാവ് എന്നിവ ശേഖരിച്ച് ബസുകളിൽ കടത്തിയ സംഘത്തെ അടുത്തിടെ പിടികൂടിയിരുന്നു. ശാസ്തമംഗലത്ത് കൊലക്കേസ് പ്രതി അഞ്ച് ഗ്രാം ഹാഷിഷ് 1000 രൂപയ്ക്കായിരുന്നു വിറ്റഴിച്ചിരുന്നത്. ആന്ധ്ര, തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവെത്തിക്കുന്നു.
പൊലീസ് എന്തുചെയ്യുന്നു?
ലഹരിമാഫിയയുടെ വേരറുക്കാൻ സിറ്റിപൊലീസ് കമ്മിഷണർ അദ്ധ്യക്ഷനായി ജില്ലാ ആന്റിനാർകോട്ടിക് സ്പെഷ്യൽ ആക്ഷൻഫോഴ്സുണ്ട്. കൺട്രോൾറൂം, നാർകോട്ടിക്സെൽ അസി. കമ്മിഷണർമാരും സി.ഐമാരുമടങ്ങിയതാണ് പ്രത്യേക ദൗത്യസംഘം. നിരന്തര റെയ്ഡുകളിലൂടെ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിമരുന്നുകളും കഞ്ചാവുമെത്തിക്കുന്ന വൻശൃംഖലയെ തകർക്കുകയാണ് ലക്ഷ്യം.
അഞ്ച് വർഷം തടവുശിക്ഷ കിട്ടുന്ന വകുപ്പുകൾ ചുമത്തി ലഹരിമാഫിയയെ അകത്താക്കുമെന്ന സിറ്റിപൊലീസിന്റെ പ്രഖ്യാപനം കടലാസിലൊതുങ്ങി. മയക്കുമരുന്ന് എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി ശേഖരിക്കാനും ലഹരിമരുന്നുകൾക്ക് അടിമകളായ കുട്ടികളെ കണ്ടെത്തി മെഡിക്കൽകോളേജിലും ജനറൽ ആശുപത്രിയിലും വൈദ്യസഹായവും കൗൺസലിംഗും നൽകാനുമെല്ലാം പദ്ധതിയുണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. എല്ലാ സ്കൂളുകളിലും 'പാഠം-1, ജാഗ്രത' എന്ന പേരിലുള്ള പൊലീസിന്റെ ലഹരിവിരുദ്ധ കാമ്പെയിൻ, 'ലഹരിമുക്തി' എന്നപേരിൽ പൊലീസ് അസോസിയേഷന്റെ കാമ്പെയിൻ എന്നിവയും ഫലം കണ്ടിട്ടില്ല.