തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഗുണ്ടാ- മയക്കുമരുന്ന് മാഫിയയെ ഒതുക്കാൻ 'ഓപ്പറേഷൻ ബോൾട്ട് ' എന്ന പേരിലുള്ള ദൗത്യവുമായി സിറ്റി പൊലീസ്. ഗുണ്ടാ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയയുടെയും അതിക്രമങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് നടപടി. നഗരത്തിലെ സാമൂഹ്യ വിരുദ്ധരെ അമർച്ച ചെയ്ത് നഗരവാസികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി നിരന്തരമായി സാമൂഹ്യ വിരുദ്ധപ്രവർത്തനം നടത്തുന്ന 210 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ഇവരെ തുടർച്ചയായി നിരീക്ഷിക്കും. കുഴപ്പക്കാരെ കസ്റ്റഡിയിലെടുക്കും.
സ്ഥിരം കുറ്റവാളികളുടെ കേസുകളുടെ വിവരങ്ങൾ പരിശോധിച്ച് കുഴപ്പക്കാർക്കെതിരെ കാപ്പ ചുമത്തും. പ്രശ്നബാധിത പ്രദേശങ്ങളിലും ചേരി പ്രദേശങ്ങളിലും നിരീക്ഷണം കർശനമാക്കും. രാത്രിയിൽ പൊലീസ് പട്രോളിംഗ് കൂടുതൽ ശക്തമാക്കും. നഗരത്തിലെ കാടുപിടിച്ച പ്രദേശങ്ങളിലും ഒഴിഞ്ഞ കെട്ടിടങ്ങളിലും തുറസായ സ്ഥലങ്ങളിലും കഞ്ചാവ്, മദ്യം, മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന സംഘങ്ങളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇത്തരം സ്ഥലങ്ങളിൽ ലോക്കൽ പൊലീസും ഷാഡോ പൊലീസും നിരന്തര പരിശോധനകൾ നടത്തും. ലഹരി ഉപയോഗിക്കുന്നവരെ പിടികൂടി കേസെടുക്കും.
ജില്ലയിലേക്ക് ഏതൊക്കെ വഴിയാണ് മയക്കുമരുന്നുകളെത്തുന്നതെന്ന് കണ്ടെത്താൻ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കും. അന്തർ സംസ്ഥാന ബസുകൾ, ട്രെയിനുകൾ എന്നിവ പ്രത്യേകം നിരീക്ഷിക്കും. സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന മയക്കുമരുന്ന് കേസുകൾ സിറ്റി പൊലീസ് കമ്മിഷണർ പ്രത്യേകം നിരീക്ഷിക്കും. നഗരപരിധിക്കുളളിൽ 150 ലഹരി വിൽപ്പനക്കാർ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ലഹരി വ്യാപാരം തടയാനും ഇവരെ കസ്റ്റഡിയിലെടുക്കാനുമായി പ്രത്യേക സംഘത്തെ നിയോഗിക്കും. ആവശ്യമങ്കിൽ ഇവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ നിർദ്ദേശങ്ങൾ നഗരത്തിലെ എല്ലാ പൊലീസുദ്യോഗസ്ഥർക്കും നൽകി. റൂറൽ പൊലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ഓപ്പറേഷൻ ബോൾട്ടിന്റെ ഭാഗമായുള്ള പരിശോധനകൾ ശക്തമാക്കുമെന്ന് സൗത്ത് സോൺ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.
അതിർത്തി കടന്ന് തിരുവനന്തപുരത്തേക്ക് മയക്കുമരുന്ന് എത്തുന്നുണ്ട്. അന്യസംസ്ഥാന സ്വകാര്യബസുകളിലെ യാത്രക്കാരുടെ കൈവശം മയക്കുമരുന്നു പായ്ക്കറ്റുകൾ കൊടുത്തയയ്ക്കുന്ന സംഘങ്ങളുണ്ട്. യാത്രക്കാർക്ക് 500രൂപ പ്രതിഫലം നൽകും. അമരവിള അടക്കമുള്ള ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കും.
ഋഷിരാജ് സിംഗ്(എക്സൈസ് കമ്മിഷണർ)