തിരുവനന്തപുരം: നഗരനിവാസികൾക്കാണോ, ആയുർവേദ കോളേജ്-കുന്നുംപുറം റോഡിനാണോ- ആർക്കോ ഇത് കണ്ടകശനിയുടെ കാലമാണ്. നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് എത്രയൊക്കെ ശ്രമിച്ചിട്ടും റോഡിന്റെ നിർമാണജോലികൾ എങ്ങുമെത്തുന്നില്ല. കാർ യാത്രക്കാരും ആയിരക്കണക്കിന് ഇരുചക്രവാഹന യാത്രക്കാരും നഗരമദ്ധ്യത്തിലെത്താനും തിരിച്ചുപോകാനും ആശ്രയിക്കുന്ന ഈ പാതമുഖം വികൃതമായി കിടക്കാൻ തുടങ്ങിയിട്ട് കൊല്ലം ഒന്നാകുന്നു. പുളിമൂട് ജി.പി.ഒ ജംഗ്ഷനിൽ നിന്ന് അംബുജവിലാസം റോഡുവഴിയുള്ള യാത്രക്കാരും കുന്നുംപുറം ജംഗ്ഷനിലാണ് എത്തിച്ചേരുന്നത്. ഉപ്പിടാംമൂട് പാലം കടന്ന് പടിഞ്ഞാറെക്കോട്ട, ശ്രീകണ്ഠേശ്വരം, കൈതമുക്ക്, വഞ്ചിയൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ടവരാണ് ഇവിടത്തെ യാത്രക്കാർ. സ്കൂൾ സമയത്തും ഓഫീസ് സമയങ്ങളിലും വൻ തിരിക്കുള്ള ഭാഗം കൂടിയാണ്.
1.93 കോടിയുടെ പദ്ധതിയാണ് ഇത്തിരിപ്പോന്ന ഈ ഭാഗം വീതികൂട്ടി, ടാർ ചെയ്ത് മിനുക്കാൻ തയ്യാറാക്കിയത്. നിർമാണ ജോലികൾ തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാൻ കഴിയാത്തതിൽ പൊതുമരാമത്ത് വകുപ്പിനുമുണ്ട് തെല്ല് ജാള്യം.
തുടക്കം മുതൽ തടസങ്ങൾ
റോഡ് ഒന്നു കുത്തിയിളക്കി, അതിന് മേൽ മെറ്റൽ വിരിച്ച് ടാറിടാനായിരുന്നെങ്കിൽ പണി എന്നേ കഴിഞ്ഞേനേ. വീതി കൂട്ടലായിരുന്നു പ്രധാന വെല്ലുവിളി. ഇരു ഭാഗത്തു നിന്നുമുള്ള സ്ഥലമെടുപ്പെല്ലാം വലിയ പ്രശ്നങ്ങളില്ലാതെ തീർത്തു. സൈഡിൽ കാനയും തീർത്തു. ഇടയ്ക്ക് ഒരു സ്വകാര്യവ്യക്തി സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിച്ചത് മറ്റൊരു തടസമായി. കേസ് ഇപ്പോൾ കോടതി പരിഗണനയിലാണ്. കേസിൽ ഇടപെട്ട് തടസം നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവൺമെന്റ് പ്ളീഡർക്ക് പൊതുമരാമത്ത് വകുപ്പ് കത്തു നൽകിയിട്ടുണ്ട്.
റോഡിന് വശങ്ങളിലൂടെ കടന്നുപോകുന്ന ബി.എസ്.എൻ.എല്ലിന്റെ ലൈനുകൾ മാറ്രി സ്ഥാപിക്കാൻ വേണ്ടിവന്ന സമയമാണ് മറ്റൊരു തടസമായത്. ഈ പ്രശ്നവും പരിഹരിക്കപ്പെട്ടു.ഇതിന് പ്രത്യേക ഡക്റ്റുകൾ നിർമിക്കേണ്ടിവന്നു. റോഡ് മുറിച്ചു കടക്കുന്ന ജല അതോറിറ്റി വക രണ്ട് പൈപ്പുലൈനുകൾ മാറ്റിസ്ഥാപിക്കാനും കുറേ സമയം വേണ്ടിവന്നു. ഇപ്പോൾ ഈ തടസങ്ങൾക്കെല്ലാം പരിഹാരമായി. എങ്കിലും നഗരവാസികളുടെ ദുരിതത്തിന് ഇനിയും അറുതിയായില്ല.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി നൽകിയിട്ടുള്ള കേസ് തീർപ്പായാൽ ഉടൻ ടാറിംഗ് തുടങ്ങും. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഹരികുമാർ
(അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ)