തിരുവനന്തപുരം: തടവുകാർക്കായി പുത്തൻ രീതികളും പരീക്ഷണങ്ങളുമൊക്കെ നടപ്പാക്കുന്ന കൂട്ടത്തിൽ അടുക്കളയും അടിമുടി പരിഷ്കരിച്ചിരിക്കുകയാണ് ജയിൽ വകുപ്പ് അധികൃതർ. ഇതോടെ പഴയ അമ്മിക്കല്ലും അട്ടുകല്ലും ജയിലിൽ നിന്ന് പടിക്കു പുറത്തായി. സംഗതി ജയിലാണെങ്കിലും അടുക്കള ഫൈവ് സ്റ്റാർ സ്റ്റാന്റേർഡിലായിക്കോട്ടെ എന്ന് ജയിൽ വകുപ്പ് തീരുമാനിച്ചതിന്റെ ഫലമാണ് ഒരു കോടിയിലധികം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ അടുക്കള ഒരെണ്ണം റെഡിയായത്. നിലവിലെ അടുക്കളയിൽ പകൽ ഇരുപതും രാത്രി പന്ത്രണ്ടുപേരുമാണ് പണിയെടുക്കുന്നത്. പുതിയ അടുക്കളയിൽ ആകെ ഇരുപതോളം പേർ മതിയാകുമെന്നാണ് കണക്കാക്കുന്നത്.
പുതിയ അടുക്കളയുടെ ഉദ്ഘാടനം ഉടൻ നടക്കും. തടവുപുള്ളികളുടെ എണ്ണം വർദ്ധിക്കുകയും കാലോചിതമായി മെനു പരിഷ്കരിക്കുകയും ചെയ്തപ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പഴയ അടുക്കളയുടെ പരിമിതികൾ ബോദ്ധ്യപ്പെട്ടത്. തുടർന്നാണ് മനുഷ്യാദ്ധ്വാനം നന്നായി കുറയ്ക്കുംവിധം പുത്തൻ അടുക്കള രൂപപ്പെടുത്തിയത്.
സൗകര്യങ്ങളൊക്കെ ഹൈടെക്ക് !
തീപിടിച്ചാലും തകരാത്ത ഫയർ ഡോറുകൾ, ഒരു സമയം നൂറ് ചപ്പാത്തികൾ ചുട്ടെടുക്കാവുന്ന ഗ്യാസ് അടുപ്പിൽ ഘടിപ്പിച്ച നാല് കൂറ്റൻ ചപ്പാത്തിക്കല്ലുകൾ, ചൂടും പുകയും അടുക്കളയിൽ നിന്ന് അകറ്റാൻ ആക്സൽ ഫ്ളോ ഫാൻ ഘടിപ്പിച്ച എക്സ് ഹോസ്റ്റിംഗ് സൗകര്യമുള്ള ചിമ്മിനികൾ, 60 കിലോ ചോറ്, 240 ഇഡ്ഡലി, 50 ലിറ്റർ വീതമുള്ള കറികൾ എന്നിവ ആവിയിൽ പാകപ്പെടുത്താൻ കഴിയുംവിധം സ്റ്റെയിൻലസ് സ്റ്റീലിൽ നിർമ്മിച്ച കണ്ടെയ്നറുകളും ബോയ്ലറുകളും, പാകമായ ചോറ് നിരത്തിയിട്ട് ആവി കളയുന്നതിനുള്ള സ്റ്റീൽ തട്ട്, ഇഡ്ഡലി, ഇടിയപ്പം എന്നിവ തയ്യാറാക്കാനുളള കുക്കിംഗ് പ്ളാന്റ്, അരഡസനോളം വാഷ് ബേസിനുകൾ, കറികൾ സൂക്ഷിക്കാൻ സ്റ്റീൽ സ്റ്റാന്റുകളിൽ ഉറപ്പിച്ച കണ്ടെയ്നറുകൾ, യന്ത്രച്ചിരവ, ഗ്രൈൻഡറുകൾ, സ്റ്റോർ റൂം, മീനും ഇറച്ചിയും വൃത്തിയാക്കാനും പച്ചക്കറികൾ അരിഞ്ഞെടുക്കാനും പ്രത്യേക മുറി ഇതെല്ലാം ചേർന്നതാണ് പുതിയ അടുക്കള.
വെളിച്ചം തൂകാൻ തലയ്ക്ക് മീതെ നിരനിരയായി ലൈറ്റുകൾ, തീപിടിത്തം പോലുള്ള അപകടങ്ങളുണ്ടായാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള പവർ ബ്രേക്കർ, പ്രാഥമിക അഗ്നിശമന ഉപകരണങ്ങൾ തുടങ്ങിയ സംവിധാനങ്ങളുണ്ട്.
ജയിൽ മെനു ഇങ്ങനെ
(ഓരോ ദിവസവും വ്യത്യസ്ത തരത്തിലാണ് മെനു)