ക്രെെസ്റ്റ്ചർച്ച്: ന്യൂസിലൻഡിലെ പള്ളികളിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി അഖിലേന്ത്യ മജിലിസ് പാർട്ടി നേതാവ് അസദുദ്ദീൻ ഒവെെസി പറഞ്ഞു. നേരത്തെ മരിച്ചവരിൽ ഒരു ഇന്ത്യക്കാരൻ ഉള്ളതായും, രണ്ട് പേർക്ക് പരിക്കേറ്റെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം, ഇവരിൽ കാണാതായ ആറ് പേരുടെ വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല. റെഡ്ക്രോസ് പുറത്തുവിട്ട പട്ടികയിൽ കേരളത്തിൽനിന്നുള്ള ഒരാൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ, ഈ വിവരങ്ങൾ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി ന്യൂസിലൻഡ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്.
ആക്രമണത്തിൽ ഇരുപത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ആസ്ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. എത്ര പേർ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസിലൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.