കൊല്ലം: വി.എസ് പറഞ്ഞു, മത്സരിക്കാൻ. എനിക്കെന്തോ വല്ലാത്ത ത്രില്ല്, ഇയാൾക്കോ? 1999- ൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയാകാൻ സി.പി.എം ആവശ്യപ്പെട്ട കാര്യം നടൻ മുരളി വീട്ടിലെത്തി, ഭാര്യയോടു പറഞ്ഞത് ഇങ്ങനെ. ഷൈലജ അതിപ്പോഴും മറന്നിട്ടില്ല.
ഒരു കാര്യം തീരുമാനിച്ചാൽപ്പിന്നെ മാറ്റമില്ല. അതാണ് സ്വഭാവം. അതുകൊണ്ട് ഷൈലജ എതിർക്കാൻ പോയില്ല. ഭർത്താവ് ഇടതു സ്ഥാനാർത്ഥിയാകുന്നതിൽ സന്തോഷമുണ്ടായിരുന്നു. എങ്കിലും, ജോലി രാജിവയ്ക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ സങ്കടവും തോന്നി- ഷൈലജ ഓർമ്മിക്കുന്നു.
കേരള സർവകലാശാലയിലായിരുന്നു അന്ന് മുരളിക്ക് ജോലി. ജോലി കളഞ്ഞ് മത്സരിക്കാൻ പോകണോ എന്ന് മുരളിയുടെ അമ്മ ദേവകിക്കും സംശയമുണ്ടായിരുന്നു. പക്ഷേ, മത്സരിക്കുന്നതിനോടായിരുന്നു ബന്ധുക്കൾക്കും കൂട്ടുകാർക്കും താത്പര്യം. വേണു നാഗവള്ളിയും ചെറിയാൻ കല്പകവാടിയും പി.ശ്രീകുമാറുമൊക്കെ നിർബന്ധിച്ചു. പ്രചാരണത്തിന് ഒപ്പമുണ്ടാകുമെന്ന് പറഞ്ഞു. ഉറപ്പു പറഞ്ഞതു പോലെ അവരെല്ലാം മുരളിക്കൊപ്പം തന്നെ ഉണ്ടായിരുന്നു.
യു.ഡി.എഫ് സ്ഥാനാർത്ഥി വി.എം.സുധീരൻ ആയതുകൊണ്ട്, അദ്ദേഹത്തെ തോൽപ്പിച്ച് ജയം നേടാനാകുമെന്ന അമിത പ്രതീക്ഷയൊന്നും മുരളിക്കും ഇല്ലായിരുന്നു. മുരളിയുടെ അടുത്ത സുഹൃത്തു കൂടിയായിരുന്നു സുധീരൻ. മുരളിയുടെ സിനിമകൾ ഒന്നുപോലും വിടാതെ കാണും. എന്നിട്ട്, ഫോണിൽ വിളിച്ച് അഭിപ്രായവും പറയും.
ഓണക്കാലത്തായിരുന്നു തിരഞ്ഞെടുപ്പ്. എത്ര തിരക്കുണ്ടെങ്കിലും ഏത് ലൊക്കേഷനിലായാലും തിരുവോണത്തിന് തിരുവനന്തപുരത്ത് പണ്ഡിറ്റ് കോളനിയിലെ വീട്ടിലെത്തി ഒരുമിച്ചിരുന്ന് ഉണ്ണുന്നതാണ് മുരളിക്കിഷ്ടം. പ്രചാരണത്തിന്റെ തിരക്കിൽ നിന്ന് മാറിനിൽക്കാൻ പറ്റില്ലെന്നായപ്പോൾ അത്തവണ അങ്ങോട്ടു ചെല്ലാൻ ഷൈലജയോടു പറഞ്ഞു. മകൾ കാർത്തികയേയും കൂട്ടി ഷൈലജ ചെന്നു. ചെറിയാൻ കല്പകവാടിയുടെ വീട്ടിലായിരുന്നു ഓണസദ്യ. ഒന്നിച്ചിരുന്ന് ഉണ്ടു.
മുരളിയുടെ പ്രചാരണ യോഗങ്ങളിലെല്ലാം വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. പക്ഷേ, ഫലമെത്തിയപ്പോൾ മുരളി പരാജയപ്പെട്ടു. സുധീരന് 35,094 വോട്ടിന്റെ ഭൂരിപക്ഷം. സുധീരനുമായുള്ള സൗഹൃദം പിന്നെയും തുടർന്നു. മുരളിയുടെ മരണശേഷം മകളുടെ കല്യാണം ക്ഷണിക്കാൻ ഷൈലജ അനുജൻ ഹരികുമാറിനെയും കൂട്ടി സുധീരന്റെ വീട്ടിൽ ചെന്നിരുന്നു. സുധീരൻ കല്യാണത്തിന് വരികയും ചെയ്തു.
മത്സരത്തിൽ തോറ്റതിനു ശേഷം മുരളി വീട്ടിലേക്കു വരുന്നത് ഏതു മാനസികാവസ്ഥയിലായിരിക്കും എന്നോർത്ത് ഷൈലജയ്ക്ക് ആശങ്കയുണ്ടായിരുന്നു. പുറമേയ്ക്ക് പരുക്കനാണെങ്കിലും മനസ്സിന് വലിയ കട്ടിയൊന്നുമില്ലാത്തയാളാണ്. പക്ഷേ, മുരളി വന്ന് ഷൈലജയുടെ തോളിൽ തട്ടി പറഞ്ഞു: 'സാരമില്ലെടോ... മത്സരിക്കാൻ അവസരം കിട്ടിയില്ലേ, അത് ചെറിയ കാര്യമല്ല, അത്രയും ഓർത്താൽ മതി." അതോടെ തിരഞ്ഞെടുപ്പിന്റെ വിഷയം വിട്ടു.
ജോലി രാജിവച്ചതുകൊണ്ട് സിനിമയിൽ വീണ്ടും സജീവമായി. അപ്പോഴാണ് സംഗീത നാടക അക്കാഡമിയുടെ തലപ്പത്തേക്ക് ഇടതു സർക്കാർ ക്ഷണിച്ചത്. ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്തു. 2009 ആഗസ്റ്റ് 6-നായിരുന്നു മുരളിയുടെ മരണം.