lisi

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിൽ മൊഴിമാറ്റത്തിനായി സമ്മർദ്ദമെന്ന് കേസിലെ സാക്ഷിയായ കന്യാസ്ത്രീ. മഠത്തിനുള്ളിൽ തടങ്കലിലാണെന്നും തന്നെ മാനസിക രേഗിയാക്കാൻ ശ്രമം നടത്തുകയാണെന്നും വെളിപ്പെടുത്തലുമായി സിസ്റ്റർ ലിസി രംഗത്തെത്തി.

ഫ്രാങ്കോയ്ക്കെതിരായി മൊഴി കൊടുത്തതിന്റെ പേരിൽ മഠത്തിനുള്ളിൽ തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. വിജയവാഡ വിട്ട് കേരളത്തിൽ എത്തിയത് മരണ ഭയം കൊണ്ടാണ്. സമ്മർദ്ദത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ നിന്ന് വീണ്ടും സ്ഥലം മാറ്റിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലിസി കൂട്ടിച്ചേർത്തു.


''മഠം വിട്ട് പോകാനും തിരുവസ്ത്രം ഉപേക്ഷിച്ച് പോകാനും അവർ നിർബന്ധിക്കുന്നുണ്ട്. രോഗാവസ്ഥയിൽ പോലും എല്ലാ വിധത്തിലും ഉപദ്രവിക്കുകയാണ്. ചില സമയങ്ങളിൽ കിട്ടുന്ന തുച്ഛമായ ഭക്ഷണം മാത്രമാണ് ഇപ്പോൾ കഴിക്കുന്നത്. സ്വന്തം അമ്മയോട് സംസാരിക്കാൻ പോലും മഠത്തിലുള്ളവർ അനുവദിക്കുന്നില്ല. വീട്ടുകാർ ഫോണിൽ വിളിച്ചാൽ അവർ സംസാരിച്ചിട്ട് കാര്യങ്ങൾ പറയുകയാണ് പതിവ്. അസുഖം ബാധിച്ച് കിടന്നപ്പോൾ മരുന്ന് വാങ്ങാൻ പണം നൽകിയില്ല. തലയിൽ തേയ്ക്കാൻ അല്പം എണ്ണ ചോദിച്ചപ്പോൾ സിസ്റ്റ‌റിന് തരാൻ ഇവിടെ എണ്ണയില്ല എന്നായിരുന്നു മറുപടി. കൂടാടെ മഠത്തിലുള്ള മറ്റുള്ളവരെ തന്നിൽ നിന്ന് അകറ്റി നിർത്തി ഒറ്റപ്പെടുത്തുകയാണ്'' - സിസ്റ്റ‌ർ ലിസി വ്യക്തമാക്കി.

പീഡനത്തിന് ഇരയായ കന്യാസ്ത്രീ ആദ്യം വിവരം പങ്കുവച്ചത് സിസ്റ്റർ ലിസിയോടായിരുന്നു. ലിസി ഇക്കാര്യത്തിൽ പൊലീസിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. തിരുവസ്ത്രം ഉപേക്ഷിച്ച് പുറത്ത് പോകാനുള്ള സമ്മർദത്തിലാക്കി ഒറ്റപെടുത്തുകയാണ് മഠത്തിലുള്ളവർ. വിജയവാഡയിലെ പ്രൊവിൻഷ്യലായിട്ടുള്ള അൽഫോൺസ അബ്രഹാമും,​ മദർ ജനറലും ചേർന്ന് മൊഴിമാറ്റാൻ വലിയ തോതിൽ സമ്മർദം ചെലുത്തുന്നുണ്ട്. ബിഷപ്പിനെതിരായ മൊഴിമാറ്റാനുള്ള ശ്രമത്തിന്റെ ഫലമായിട്ടാണ് തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതെന്ന് ലിസി വെളിപ്പെടുത്തി.