കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഒരാളെകൂടി അന്വേഷണ സംഘം പിടികൂടി. കല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. കൊല്ലപ്പെട്ട കൃപേഷിനെയും ശരത്‌ലാലിനെയും പിന്തുടർന്ന് പ്രതികൾക്ക് ഫോണിൽ വിവരം കെെമാറിയത് രഞ്ജിത്ത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. രഞ്ജിത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കഴിഞ്ഞ ദിവസം കേസിൽ പ്രതിയായ പെരിയ തന്നിത്തോട്ടെ എ. മുരളി (36)യെ കേസന്വേഷിക്കുന്ന ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി വി.എം പ്രദീപ്കുമാറും സംഘവും അറസ്റ്റുചെയ്തതിരുന്നു. കൊലപാതകം നടത്തിയതിനു ശേഷം പ്രതികളെ കാറിൽ കയറ്റി കൊണ്ടുപോയി രക്ഷപ്പെടാൻ സഹായിച്ചത് മുരളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്.
കേസിൽ മുഖ്യപ്രതി പീതാംബരൻ ഉൾപ്പെടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞമാസമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.