തിരുവനന്തപുരം: കരമനയിൽ ബെെക്കിൽ തട്ടിക്കൊണ്ടുപോയി അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് സഹോദരങ്ങളുൾപ്പെടെ ഏഴ് പേർ കൂടി പൊലീസ് പിടിയിൽ. അനന്തുവിനെ മർദ്ദിക്കാൻ നേതൃത്വം നൽകിയത് സഹോദരങ്ങളായ വിഷ്ണുരാജ്(23), വിനീഷ്‌രാജ്(20), വിജയരാജ് എന്ന കുഞ്ഞുവാവ എന്നിവരാണ്. 18 വയസ്സുള്ള കുഞ്ഞുവാവയാണ് ഇളയ സഹോദരൻ.
കൊഞ്ചിറവിള ക്ഷേത്രത്തിൽ അനന്തുവും സുഹൃത്തുക്കളും കൊലയാളി സംഘവുമായി തർക്കമുണ്ടായിരുന്നു. ഇതാണ് അനന്തുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കം കയ്യാങ്കളിയായപ്പോൾ അനന്തു കുഞ്ഞുവാവയെ തല്ലിയിരുന്നു. ഈ തർക്കമാണ് സഹോദരങ്ങൾക്ക് അനന്തുവിനോട് കടുത്ത വൈരാഗ്യമുണ്ടാകാൻ കാരണമായത്. മൂന്ന് സഹോദരങ്ങളും ലഹരിക്കടിമകളായിരുന്നു. മൂത്ത സഹോദരൻ വിഷ്ണുരാജാണ് അനന്തുവിന്റെ കയ്യിലെയും കാലിലെയും ഞരമ്പുകൾ മുറിച്ചത്.
പിന്നീട് കരിക്കു കൊണ്ട് അനന്തുവിന്റെ തലയ്‌ക്കടിക്കുകയും മുഖത്തും ശരീരത്തും മർദ്ദിക്കുകയും ചെയ്തു. അനന്തു മരിച്ചെന്നുറപ്പാക്കിയ ശേഷം മൂന്ന് സഹോദരങ്ങളും മറ്റ് മൂന്ന് പേരും ചേർന്നു തിരുവല്ലത്തെ ജഡ്ജിക്കുന്നിലേക്കു പോയി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് തോന്നിയതോടെ ഇവർ പൂവാറിലെ ഒളിസങ്കേതത്തിലേക്കു മാറി. ഇവിടെ നിന്നാണു പൊലീസ് ഇവരെ പിടികൂടിയത്. ഇതോടെ സംഭവത്തിൽ ആകെ 12 പ്രതികൾ കസ്റ്റഡിയിലായി.