masood-azhar

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ ആദ്യമായി ഇന്ത്യയിൽ എത്തിയപ്പോൾ താമസിച്ചത് ഡൽഹിയിലെ ആഡംബര ഹോട്ടലുകളിൽ. വ്യാജ പോർച്ചുഗീസ് പാസ്‌പോർട്ട് ഉപയോഗിച്ച് വാലി ആദം ഈസ എന്ന പേരിലായിരുന്നു മസൂദ് അസർ ഇന്ത്യയിലേക്ക് കടന്നത്. കാഴ്ചയിൽ പോർച്ചുഗീസ് പൗരനാണെന്ന്‌ തോന്നില്ല എന്ന ഇമിഗ്രേഷൻ അധികൃതരുടെ ചോദ്യത്തിന് ജന്മംകൊണ്ട് താൻ ഗുജറാത്തുകാരനാണ് എന്ന് പറഞ്ഞാണ് മസൂദ് അസർ രക്ഷപെട്ടത്.

ന്യൂഡൽഹിയിലെ അശോക്, ജൻപഥ്, ഷീഷ് മഹൽ ഹോട്ടലുകളിലാണ് മസൂദ് അസർ അന്ന്‌ താമസിച്ചത്. നയതന്ത്രജ്ഞരുൾപ്പെടെയുള്ളവർ താമസിക്കുന്ന സമ്പന്നകോളനിയായ ചാണക്യപുരിയിലാണ് ഹോട്ടൽ അശോക്. ലക്‌നൗ, സഹാരൻപുർ, ദാറുൽ ഉലൂം ദേവ്ബന്ദ് ഇസ്ലാമിക് പഠനകേന്ദ്രം എന്നിവിടങ്ങളും ഇയാൾ സന്ദർശിച്ചിരുന്നു. ബംഗ്ലാദേശ് സന്ദർശനത്തിന് ശേഷമാണ് ഇയാൾ ഇന്ത്യയിൽ എത്തിയത്.

ഡൽഹിയിലെത്തിയ ദിവസം തന്നെ കാശ്മീർ സ്വദേശിയായ അഷ്റഫ് ദർ എന്നയാളെ മസൂദ് ഫോൺ വഴി ബന്ധപ്പെട്ടിരുന്നു. ഹർക്കത്തുൽ അൻസാർ എന്ന ഭീകര സംഘടനയിലെ അംഗമായ അബു മെഹ്മൂദിനൊപ്പം ഇയാൾ മസൂദിനെ കാണാൻ അശോക് ഹോട്ടലിലെത്തിയിരുന്നു. പിന്നീട് ഇവർക്കൊപ്പം സഹാരൻപൂരിലേക്ക് പോയ മസൂദ് യഥാർത്ഥത്തിൽ താൻ ആരാണെന്ന വിവരം മറ്റുള്ളറവരോട് പറഞ്ഞിരുന്നില്ല. ജനുവരി 31-ന് ഡൽഹിയിൽ തിരിച്ചെത്തിയ മസൂദ് കോണാട്ട് പ്ലേസിലുള്ള ജൻപഥ് ഹോട്ടലിലായിരുന്നു താമസിച്ചത്.

മൗലാന അബു ഹസൻ നദ്‍വി അഥവാ അലി മിയാൻ എന്നയാളെ കാണാനായി മസൂദ് ബസുമാർഗം ലഖ്നൗവിലേക്ക് പോയി. പക്ഷേ അലി മിയാനെ കാണാൻ കഴിയാതെ ഇയാൾ ഡൽഹിയിലേക്ക് തിരികെ പോവുകയായിരുന്നു. പിന്നീട് ഇയാൾ കരോൾബാഗിലെ ഷീഷ് മഹൽ ഹോട്ടലിലേക്ക് മാറി താമസിക്കുകയും ചെയ്തു.

​ ഫെബ്രുവരി ഒൻപതിനാണ് മസൂദ് അസ്ഹർ ശ്രീനഗറിലെത്തിയത്. തുടർന്ന് ഹർക്കത്തുൽ ജിഹാദ് അൽ ഇസ്‍ലാമിയെന്ന ഭീകരസംഘടനയിലെ അംഗങ്ങളായ സജ്ജാദ് അഫ്ഗാനിയും അംജദ് ബിലാലും മസൂദിനെ കാണാനായെത്തി. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകരർ നടത്തിയ യോഗത്തിൽ പങ്കെടുക്കാൻ ഇയാൾ മതിഗുണ്ടിൽ എത്തിയിരുന്നു.

ഇവിടെ നിന്ന് കാറിലൂടെയാണ് മസൂദ് അനന്തനാഗിലേക്ക് പോയത്. എന്നാൽ വഴിമദ്ധ്യേ കാർ തകരാറിലായതിനെ തുടർന്ന് യാത്ര ആട്ടോറിക്ഷയിലേക്ക് മാറ്റി. കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും സൈനികർ ആട്ടോറിക്ഷ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് മസൂദ് അസർ പിടിയിലായത്. 1994 ജനുവരിയിലായിരുന്നു ഇയാൾ ഇന്ത്യയിലെത്തിയത്. തുടർന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഇയാൾ ജമ്മു കാശ്മീരിൽ പിടിയിലായപ്പോൾ നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.