വയനാട്: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രസാദം നൽകാൻ താമസിച്ചതിന്റെ പേരിൽ ക്ഷേത്ര മേൽശാന്തിക്ക് സസ്‌പെൻഷൻ. വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ വള്ളിയൂർക്കാവ് ക്ഷേത്രം അധികൃതരാണ് മേൽശാന്തി കെ.വി ശ്രീജേഷ് നമ്പൂതിരിയെ സസ്‌പെൻഡ് ചെയ്‌തത്. കഴിഞ്ഞ മാർച്ച് 25നായിരുന്നു സംഭവം. എന്നാൽ ഒരു വർഷം പിന്നിടുമ്പോഴാണ് സസ്‌പെൻഷൻ നടപടിയുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
സംഭവം ഇങ്ങനെ-
2018 മാർച്ച് 25ന് ഉത്സവത്തോടനുബന്ധിച്ചാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വള്ളിയൂർക്കാവിൽ ക്ഷേത്രദർശനത്തിനെത്തുന്നത്. എന്നാൽ ദീപാരാധനയോടനുബന്ധിച്ച് ക്ഷേത്ര മേൽശാന്തിയായ ശ്രീജേഷ് നമ്പൂതിരി നടയടയ്‌ക്കുകയായിരുന്നു. തുടർന്ന് നടതുറക്കുന്നത് കാത്തു നിൽക്കാതെ മന്ത്രി മടങ്ങുകയും ചെയ്‌തു. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് വള്ളിയൂർക്കാവ് ക്ഷേത്രം. ദേവസ്വം ബോർഡ് അധികൃതരുടെ നിർദേശത്തെ തുടർന്നാണ് മേൽശാന്തിയെ സസ്‌പെൻഡ് ചെയ്‌തിരിക്കുന്നതെന്ന് ക്ഷേത്ര മാനേജ്‌മെന്റ് പറയുന്നു. വളരെ വർഷങ്ങളായി ക്ഷേത്ര മേൽശാന്തിയായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു ശ്രീജേഷ് നമ്പൂതിരി.
മേൽശാന്തി പറയുന്നത്
'മന്ത്രി ദർശനത്തിന് വന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. ഉത്സവവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായാണ് ക്ഷേത്ര നട അടച്ചത്. അതിനു ശേഷമാണ് മന്ത്രി വന്ന കാര്യം അറിഞ്ഞത്. എന്നാൽ അനുഷ്‌ഠാനങ്ങൾക്ക് എതിരാകുമെന്നതിനാൽ അപ്പോൾ നട തുറക്കാൻ കഴിയുമായിരുന്നില്ല'.
അതേസമയം, സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ഇതുസംബന്ധിച്ച് പരാതി ലഭിക്കുകയാണെങ്കിൽ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.