ന്യൂഡൽഹി: രണ്ടാംഘട്ട പത്മപുരസ്കാരങ്ങൾ വിതരണം ചെയ്തു. രണ്ട് മലയാളികളാണ് രണ്ടാം ഘട്ട പദ്മപുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയത്. മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് പദ്മഭൂഷൺ പുരസ്കാരം ഏറ്രുവാങ്ങി. പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ് രാഷ്ട്രപതിയിൽ നിന്ന് പദ്മശ്രീ പുരസ്കാരവുമാണ് ഏറ്രുവാങ്ങിയത്.
നമ്പി നാരായണനൊപ്പം പർവതാരോഹക ബജേന്ദ്രി പാലിനും പത്മഭൂഷൺ സമ്മാനിച്ചു. ഫുട്ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ അഭിനേതാവ് മനോജ് വാജ്പേയി എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ആദ്യഘട്ട പുരസ്കാരം വിതരണം ചെയ്തപ്പോൾ പത്മഭൂഷൺ ലഭിച്ചവരിൽ ഒരാൾ മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ആയിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് രാജ്യം മോഹൻലാലിന് പദ്മഭൂഷൺ നൽകി ആദരിച്ചത്. അദ്ദേഹത്തിന് പുറമെ മലയാളി സംഗീതജ്ഞനായ കെ.ജി ജയനും അന്ന് പത്മപുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.