p-sreedharan-pillai

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള മത്സരിച്ചേക്കില്ലെന്ന് സൂചന. താൻ മത്സരിക്കുന്നത് സംബന്ധിച്ച് നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. ആര് മത്സരിക്കണമെന്നത് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നോട്‌ മത്സരിക്കുന്ന കാര്യം പാർട്ടി പറഞ്ഞാൽ ആ ഘട്ടത്തിൽ നോക്കാം, തന്റെ ദൗത്യം പാർട്ടിയെ വിജയിപ്പിക്കുക മാത്രമാണ്. സ്ഥാനാർത്ഥിത്വത്തെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം,​ കേരളാ ഘടകം നൽകിയ പട്ടികയിൽ ടോം വടക്കൻ ഇല്ലെന്ന് ശ്രീധരൻപിള്ള പറഞ്ഞു. വടക്കൻ മൽസരിക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. കേന്ദ്ര നേതൃത്വം നിർബന്ധിച്ചാൽ മത്സരിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

പി.എസ് ശ്രീധരൻ പിള്ള,​ കെ. സുരേന്ദ്രൻ,​ എം.ടി. രമേശ് എന്നിവരെ പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥികളായി ബി.ജെ.പി നേതൃത്വം പരിഗണിച്ചിരുന്നു. എന്നാൽ,​ രണ്ടാംഘട്ട ചർച്ചയിൽ എം.ടി രമേശ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയിരുന്നു. മറ്റ് മണ്ഡലങ്ങളിൽ മത്സരിയ്ക്കാനില്ലെന്ന് കെ.സുരേന്ദ്രൻ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ശ്രീധരൻ പിള്ള പിൻമാറാൻ സന്നദ്ധനായതെന്നാണ് സൂചന.

അമിത്ഷായുമായുള്ള ചർച്ചയിൽ തൃശ്ശൂരിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളി സമ്മതമറിയിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ ടോം വടക്കനെ ചാലക്കുടിയിലും കെ.എസ്. രാധാകൃഷ്ണനെ ആലപ്പുഴയിലും മത്സരിപ്പിയ്ക്കുമെന്നും സൂചനയുണ്ട്. ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ മത്സരിക്കാനാണ് സാദ്ധ്യത. സി.കൃഷ്‌ണകുമാറിന് പാലക്കാട് നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.