ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും എ-ഐ ഗ്രൂപ്പ് തർക്കവും തീരുമാനം വൈകിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയും സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേർന്നെങ്കിലും ഇതുവരെ തീരുമാനമായില്ല. വയനാട്, ഇടുക്കി ജില്ലകളിലെ സീറ്റുകളെ ചൊല്ലിയാണ് ഗ്രൂപ്പിൽ തർക്കം മുറുകുന്നത്.
തങ്ങളുടെ സിറ്റിംഗ് സീറ്റായ വയനാട് വിട്ടുകൊടുക്കാനില്ല എന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. ഷാനിമോൾ ഉസ്മാൻ അല്ലെങ്കിൽ കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുൾ മജീദിന്റെ പേരാണ് വയനാട്ടിൽ ഐ ഗ്രൂപ്പ് നിർദേശിക്കുന്നത്. എന്നാൽ എ ഗ്രൂപ്പ് ടി സിദ്ദിഖിന്റെ പേരിൽ ശക്തമായ സമ്മർദ്ദം തുടരുകയാണ്.
അതേസമയം ഇടുക്കി സീറ്റിന്റെ കാര്യത്തിലും തർക്കം നിലനിൽക്കുകയാണ്. ഇടുക്കിയിൽ ഡീൻ കുര്യാകോസിനെ നിർത്താനാണ് എ ഗ്രൂപ്പ് നിർദേശിക്കുന്നത്. പക്ഷേ ജോസഫ് വാഴയ്ക്കന്റെ പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നത്. വടകരയിലോ വയനാട്ടിലോ സിദ്ദിഖിനെ നിറുത്താം എന്ന രീതിയിലേക്ക് ചർച്ചകൾ വഴിമാറിയപ്പോൾ വടകരയിൽ ജയരാജന് എതിരാളിയായി ഒരു ഹിന്ദു സ്ഥാനാർത്ഥി തന്നെ വേണമെന്ന നിലപാടിലാണ് ചില നേതാക്കൾ. വടകര സീറ്റിലേക്ക് കെഎസ്.യു പ്രസിഡന്റ് കെ.എം അഭിജിത്ത്, രാജ്‌മോഹൻ ഉണ്ണിത്താൻ,
വി.ടി ബൽറാം എന്നീ പേരുകളും പരിഗണിക്കുന്നുണ്ട് .
ചർച്ചകൾ തുടരുമ്പോഴും ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. രാഹുൽ ഗാന്ധി തീരുമാനിക്കുന്നത് വരെ അദ്ദേഹത്തിന്റെ കാര്യം ഇതേ നിലയിൽ തുടരുമെന്നാണ് വിവരം. ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം കോട്ടയം, പത്തനംതിട്ട, ഇടുക്കി സീറ്റുകളിൽ ജയം ഉറപ്പാണെന്ന കാര്യം നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും.
ഇതിനായി ശനിയാഴ്ച രാവിലെ ചേർന്ന സ്‌ക്രീനിങ് കമ്മിറ്റി ഹൈക്കമാൻഡിന് ഒരു കുറിപ്പ് തയ്യാറാക്കി നൽകും. ഇന്ന് രാവിലെ നടക്കുന്ന ചർച്ചകളിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തില്ല. ആന്ധ്രയിലെ സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി അവിടേക്ക് പോയിരിക്കുകയാണ്. എന്നാൽ രാവിലെ നടന്ന ചർച്ചകൾയ്ക്കിടെ അദ്ദേഹത്തെ ഡൽഹിയിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.