sister-anupama

കൊച്ചി: ബിഷപ്പിനെതിരായ കുറ്റപത്രം വൈകിയാൽ തെരുവിലേക്കിറങ്ങുമെന്ന നിലപാടുറപ്പിച്ച് കന്യാസ്ത്രീകൾ. ഫ്രാങ്കോയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനമാണ് സാക്ഷികൾക്ക് മേലുള്ള സമ്മർദ്ദങ്ങൾ ഉയരാൻ കാരണമെന്ന് സിസ്റ്റ‌ർ അനുപമ പറഞ്ഞു.

സാക്ഷികൾക്ക് മേൽ മൊഴിമാറ്റണമെന്ന സമ്മർദം മാത്രമല്ല ജീവന് ഭീഷണിയും ഉയരുകയാണ്. കേസിൽ കുറ്റപത്രം വൈകിയാൽ വീണ്ടും തെരുവിലേക്ക് ഇറങ്ങുമെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. അനിശ്ചിത കാലസമരത്തിനായി വീണ്ടും തെരുവിലേക്ക് ഇറക്കരുത് എന്ന അപേക്ഷയാണ് തങ്ങൾക്കുള്ളതെന്ന് സിസ്റ്റ‌ർ അനുപമ പറഞ്ഞു. സാക്ഷികൾക്ക് ജീവന് ഭീഷണിയുള്ളതിനാൽ സംരക്ഷണം ഉറപ്പാക്കണമെന്ന് കന്യാസ്ത്രീകൾ എസ്.പിയോട് ആവശ്യപ്പെട്ടു.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയതിന് ശേഷം മഠത്തിനുള്ളിൽ തടങ്കൽ ജീവിതമാണെന്ന സിസ്റ്റർ ലിസി വടക്കേതിൽ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കന്യാസ്ത്രീകൾ കുറ്റപത്രം വീണ്ടും വൈകരുതെന്ന ആവശ്യവുമായി എത്തിയത്. അതേസമയം,​ കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്.പി കന്യാസ്ത്രീകൾക്ക് ഉറപ്പ് നൽകിയെന്ന് സിസ്റ്റ‌ർ അനുപമ വ്യക്തമാക്കി. ജീവന് ഭീഷണി നേരിടുന്ന സിസ്റ്റ‌‌ർ ലിസിക്ക് സുരക്ഷ ഒരുക്കാമെന്നും അദ്ദേഹം പറഞ്ഞു.