മിന്നൽ വേഗത്തിൽ രാഹുൽ, വിജയയെ തള്ളിമാറ്റി. ഒപ്പം തൊട്ടരുകിൽ നിന്നിരുന്ന എസ്.പി അരുണാചലത്തിന്റെ അരയ്ക്കു നേരെ കൈ നീട്ടി.
എന്താണു സംഭവിക്കുന്നതെന്ന്
അരുണാചലം അറിയുംമുൻപ്, അയാളുടെ അരയിലെ തുകൽ ഉറയിൽ നിന്ന് രാഹുൽ പിസ്റ്റൾ വലിച്ചെടുത്തു.
''എടാ..... " അരുണാചലം ഗർജ്ജിച്ചു.
''ശ്ശ്... " രാഹുൽ ക്രൂരമായി ചിരിച്ചുകൊണ്ട് പിസ്റ്റൾ അയാൾക്കു നേരെ ചൂണ്ടി. ''മിണ്ടരുത്. മിണ്ടിയാൽ ഒരു ഡസൻ ബുള്ളറ്റുകൾ തന്നെക്കൊണ്ട് ഞാൻ തീറ്റിക്കും."
''ങ്ഹേ?"
അരുണാചലം മാത്രമല്ല, എസ്. ഐ വിജയയും മുൻ മുഖ്യമന്ത്രി വേലായുധൻ മാസ്റ്ററും അടക്കം കണ്ടുനിന്നവർ ആകെ നടുങ്ങിപ്പോയി.
അരുണാചലത്തിനു നേർക്കുനിന്ന് പിസ്റ്റൾ മാറ്റാതെ രാഹുൽ, വിജയയെ നോക്കി.
''നിനക്ക് എന്റെ കയ്യിൽ വിലങ്ങിടണം അല്ലേടീ...."
തുടർന്ന് രാഹുൽ വിളിച്ചത് കാതു പൊട്ടുന്ന പച്ച തെറി:
''നീയും ഈ നിൽക്കുന്നവന്മാരും മാത്രമല്ല നിന്റെയൊക്കെ അപ്പന്മാരു വിചാരിച്ചാലും രാഹുലിന്റെ ഒരു രോമത്തിൽ തൊടീല്ലെടീ."
അവന്റെ മുഖം മുറുകി.
''മാറി നിൽക്കങ്ങോട്ട്... അല്ലെങ്കിൽ ഇവിടം ഞാൻ ചോരക്കളമാക്കും. "
''മോനേ... " സാവത്രി ഭീതിയോടു വിളിച്ചു.
''അമ്മ ചുമ്മാതിരിക്ക്. ഇവന്മാരൊന്നും എന്നെ ഒന്നും ചെയ്യില്ല."
പറയുന്നതിനിടയിൽത്തന്നെ അവൻ, എല്ലാവർക്കും ഇടയിലൂടെ പുറത്തേക്കു കുതിച്ചു.
ആ ക്ഷണം ഗേറ്റു കടന്ന് ഒരു സുമോ വാൻ പാഞ്ഞുവന്നു!
തമിഴ്നാട് രജിസ്ട്രേഷൻ ഉള്ളത്.
ആറ്റുചരൽ വിരിച്ച മുറ്റത്ത് മറ്റു വാഹനങ്ങൾക്കിടയിൽ അത് വട്ടം തിരിഞ്ഞു.
പിൻചക്രങ്ങൾക്കടിയിൽ നിന്നും ചരലുകൾ ബുള്ളറ്റുകൾ പോലെ ചിതറി മറ്റു വാഹനങ്ങളിൽ ചെന്നുകൊണ്ടു.
ഓടിയെത്തിയ മീഡിയക്കാർ ആ രംഗവും ക്യാമറയിൽ പകർത്തി.
ഒരു സിനിമ പോലെയാണ് എല്ലാവർക്കും തോന്നിയത്.
തിരിയുന്നതിനിടയിൽത്തന്നെ സുമോയുടെ പിന്നിൽ വലതുഭാഗത്തെ ഡോർ തുറക്കപ്പെട്ടു.
രാഹുൽ അതുവഴി അകത്തേക്കു പറന്നുവീണു. ഡോർ അടഞ്ഞു. വന്നതിന്റെ ഇരട്ടിവേഗത്തിൽ സുമോ തിരിച്ച് ഗേറ്റുകടന്നു.
ആദ്യത്തെ മരവിപ്പിൽ നിന്ന് പിടഞ്ഞുണർന്ന അരുണാചലം കൺട്രോൾ റൂമിലേക്ക് വയർലസ് മെസേജ് പാസ് ചെയ്തു.
ആ സുമോ പിടിക്കാൻ...
എന്നാൽ അരകിലോമീറ്റർ പിന്നിട്ടപ്പോഴും 'റിങ് റോഡി" ലെ മരത്തണലിൽ ഒരു ഇന്നോവ സ്റ്റാർട്ടു ചെയ്തു നിർത്തിയിരുന്നതിന് അടുത്ത് സുമോ ബ്രേക്കിട്ടു.
ഇന്നോവയിൽ എല്ലാവരും ചാടിക്കയറി. സുമോ അവിടെ ഉപേക്ഷിച്ച് അവർ ഇന്നോവയിൽ പാഞ്ഞകന്നു.
കുതിച്ചെത്തിയ പോലീസിന് ഉപേക്ഷിക്കപ്പെട്ട സുമോ മാത്രമാണു കിട്ടിയത്...
ടിവിയിലൂടെ അപ്പപ്പോൾ വാർത്ത അറിഞ്ഞ ജനങ്ങൾ മൂക്കത്തു വിരൽ വച്ചു.
കേരളത്തിൽ ഇത്തരം ഒരു സംഭവം ആദ്യം... കേരളവും ഉത്തരേന്ത്യൻ മാതൃകയിലേക്കു ചുവടു മാറുകയാണോ എന്നു പലരും സംശയിച്ചു...
പഴവങ്ങാടി ചന്ദ്രന്റെ മൃതദേഹം പോലീസ് മോർച്ചറിയിലേക്കു മാറ്റി.
കാൽമുട്ടു തകർന്ന വിക്രമനെ കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ ജനറൽ ഹോസ്പിറ്റലിലേക്കു മാറ്റി. സാദിഖിനെ റിമാന്റും ചെയ്തു....
''വിജയ..." എല്ലം കഴിഞ്ഞപ്പോൾ എസ്.പി അരുണാചലം അവളെ നോക്കി. ''ഞാൻ പോകുന്നത് ഒരു ദിവസത്തേക്കു കൂടി മാറ്റിവയ്ക്കാൻ തീരുമാനിച്ചു. അതിനർത്ഥം ഈ പകലിന്റെ ബാക്കിയും മുന്നിലുള്ള രാത്രിയും കൂടി എനിക്കുണ്ടെന്നാണ്. അത്രയും സമയത്തിനുള്ളിൽ നിനക്കു ചെയ്യാവുന്നതു ചെയ്യണം.
''ഷുവർ സാർ... ഞാൻ അതു ചെയ്തിരിക്കും. നാളെ നേരം പുലരുമ്പോൾ കാൻസറിനെക്കാൾ മാരകമായി കേരളത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ചില നരാധമന്മാർ ഈ മണ്ണിൽ ബാക്കി കാണില്ല.... "
പ്രതിജ്ഞ പോലെയായിരുന്നു അവളുടെ ശബ്ദം.
അരുണാചലം അഭിമാനത്തോടെ തലയാട്ടി.
അരമണിക്കൂർ കഴിഞ്ഞു.
മുൻ മുഖ്യമന്ത്രി വേലായുധൻ മാസ്റ്റർ ടി.ബിയിൽ മടങ്ങിയെത്തി. പ്രാദേശിക നേതാക്കന്മാരിൽ പലരും അയാളെ സന്ദർശിക്കുവാൻ അവിടെയെത്തിയിരുന്നു.
മാസ്റ്റർ അവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ശബ്ദിച്ചു. അയാൾ അറ്റന്റു ചെയ്തു.
''ഹലോ.... "
''കൽക്കി. " അപ്പുറത്തുനിന്ന് സ്ത്രീ ശബ്ദം കേട്ടു. ''സാറ് മകനുമൊത്തല്ലേ മടങ്ങുകയുള്ളൂ?"
മാസ്റ്റർക്ക് ഹൃദയത്തുടിപ്പേറി.
''അത്രയേ ഉള്ളു. അവൻ എവിടെയുണ്ട്?" മറുപടിക്കായി മാസ്റ്റർ അക്ഷമയോടെ കാതോർത്തു.
[തുടരും]