കൂടാതെ ലവണങ്ങളായ സോഡിയം, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, യൂറിക് ആസിഡ് എന്നിവയുടെ അളവിലും വ്യത്യാസം കാണുന്നു. മൂത്രത്തിൽ പ്രോട്ടീനോ രക്താണുക്കളോ കാണപ്പെടുന്നു. വയറിന്റെ അൾട്രാസൗണ്ട് വൃക്കകളുടെ വലിപ്പത്തെപ്പറ്റിയും വൃക്കകളിലുള്ള തടസങ്ങളെപ്പറ്റിയും അറിവ് നൽകുന്നു. തടസങ്ങൾ ഉണ്ടെങ്കിൽ യൂറോഗ്രാഫി, സി.ടി. സ്കാൻ എം.ആർ.ഐ സ്കാൻ, ഡി.ടി.പി.എ സ്കാൻ തുടങ്ങിയവ നടത്തുന്നു. പ്രാഥമികമായി വൃക്കകളെ ബാധിക്കുന്ന ഗ്ളോമറുലോ നെഫ്രറ്റിസ് വിഭാഗത്തിൽ പെടുന്ന രോഗങ്ങൾക്ക് വൃക്കയിൽ നിന്ന് അല്പം കോശം കുത്തിയെടുത്ത് പരിശോധിക്കുന്ന വൃക്ക ബയോപ്സി ചെയ്യുന്നു.
ചികിത്സകൾ
ഗ്ളോമറുലോനെഫേറ്റിസ് വിഭാഗത്തിൽപ്പെടുന്ന രോഗങ്ങൾക്ക് കിഡ്നി ബയോപ്സി ചെയ്തു വ്യക്തമായി രോഗം നിർണയിച്ച് അവയ്ക്കുള്ള പ്രത്യേകമായ ചികിത്സ ചെയ്യുന്നു. 70 ശതമാനത്തിലധികം സ്ഥായിയായ വൃക്കരോഗങ്ങൾ ഉണ്ടാക്കുന്നത് ജീവിതശൈലീ രോഗങ്ങൾ കൊണ്ടാണ്. അതിനാൽ അവ വരാതിരിക്കാൻ ആരോഗ്യകരമായ ഭക്ഷണശൈലി, കൃത്യമായ വ്യായാമം എന്നിവ ശീലിക്കുക.
പ്രമേഹമോ രക്താധിസമ്മർദ്ദമോ വന്നുപോയാൽ മരുന്നുകൾ കഴിച്ച് നിയന്ത്രണ വിധേയമാക്കാം. വേദനസംഹാരികൾ, വൃക്കകൾക്ക് ദോഷമുണ്ടാക്കുന്ന വസ്തുക്കളുടെ ഉപയോഗം എന്നിവ ഒഴിവാക്കണം. വൃക്കരോഗം അന്തിമഘട്ടത്തിൽ ആണെങ്കിൽ ഡയാലിസിസിനെപ്പറ്റിയോ, വൃക്ക മാറ്റിവയ്ക്കലിനെപ്പറ്റിയോ ചിന്തിക്കേണ്ടതും അവയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതുമാണ്.