കൊച്ചി: കയറ്റുമതിയിലെ നേരിയ നേട്ടവും ഇറക്കുമതി ചെലവിലുണ്ടായ ഇടിവും ഇന്ത്യയുടെ വ്യാപാരക്കമ്മിയെ കഴിഞ്ഞമാസം 17 മാസത്തെ താഴ്‌ചയിലേക്കെത്തിച്ചു. കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി ഫെബ്രുവരിയിൽ 960 കോടി ഡോളറാണ്. ജനുവരിയിൽ ഇത് 1,473 കോടി ഡോളറും കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 1,230 കോടി ഡോളറും ആയിരുന്നു. മുമ്പ്, വ്യാപാരക്കമ്മി ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 2017 സെപ്‌തംബറിലാണ്; 940 കോടി ഡോളർ.
കഴിഞ്ഞ നവംബർ മുതൽ ഇന്ത്യയുടെ കയറ്റുമതിമേഖല കാഴ്‌ചവയ്‌ക്കുന്നത് നിർജീവ പ്രകടനമാണ്. 0.8 ശതമാനം മാത്രമായിരുന്നു വളർച്ച. ഡിസംബറിൽ 0.34 ശതമാനം, ജനുവരിയിൽ 3.74 ശതമാനം എന്നിങ്ങനെയും വളർന്നു. 2.44 ശതമാനം മാത്രം നേട്ടവുമായി 2,667 കോടി ഡോളർ വരുമാനമാണ് കഴിഞ്ഞമാസം നേടിയത്. 2018 ഫെബ്രുവരിയിൽ കയറ്റുമതി 2,603 കോടി ഡോളറിന്റേതായിരുന്നു.
ഇറക്കുമതി അപ്രതീക്ഷിതമായി നെഗറ്റീവ് വളർച്ചയിലേക്ക് വീണതാണ് കഴിഞ്ഞമാസം വ്യാപാരക്കമ്മി കുത്തനെ കുറയാൻ സഹായകമായത്. ജനുവരിയിൽ 0.01 ശതമാനം വളർച്ച രേഖപ്പെടുത്തിയ ഇറക്കുമതി, ഫെബ്രുവരിയിൽ നെഗറ്റീവ് 5.41 ശതമാനം ഇടിഞ്ഞു. 3,626 കോടി ഡോളറിന്റെ ഇറക്കുമതിയാണ് കഴിഞ്ഞമാസം നടന്നത്.
നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ കയറ്റുമതി നേട്ടം 8.85 ശതമാനം വർദ്ധിച്ച് 29,847 കോടി ഡോളറായിട്ടുണ്ട്. ഇറക്കുമതിച്ചെലവ് 9.75 ശതമാനം ഉയർന്ന് 46,400 കോടി ഡോളറിലുമെത്തി. ഇക്കാലയളവിൽ വ്യാപാരക്കമ്മി 16,552 കോടി ഡോളറാണ്. 2017-18ലെ സമാനകാലയളവിൽ ഇത് 14,885 കോടി ഡോളറായിരുന്നു.
പ്രധാന മേഖലകൾ തളർച്ചയിൽ
ജെം ആൻഡ് ജുവലറി, എൻജിനിയറിംഗ്, പെട്രോകെമിക്കൽ മേഖലകളുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ കയറ്റുമതി വരുമാനത്തെ ബാധിക്കുന്നത്. ജെം ആൻഡ് ജുവലറി രണ്ടു ശതമാനവും പെട്രോളിയം ഉത്‌പന്നങ്ങൾ 7.7 ശതമാനവും തളർന്നതാണ് പ്രധാന തിരിച്ചടി. ഔഷധങ്ങൾ 16.1 ശതമാനം, കെമിക്കൽ 4.1 ശതമാനം, വസ്‌ത്രങ്ങൾ 7.1 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി.
സ്വർണം ഇറക്കുമതി11% കുറഞ്ഞു
വ്യാപാരക്കമ്മിക്ക് പ്രധാന കാരണങ്ങളായ സ്വർണം, ക്രൂഡോയിൽ, ഇലക്‌ട്രോണിക്‌സ് എന്നിവയുടെ ഇറക്കുമതി ഫെബ്രുവരിയിൽ താഴ്‌ന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. സ്വർണം ഇറക്കുമതി 11 ശതമാനം കുറഞ്ഞ് 258 കോടി ഡോളറിലെത്തി. ക്രൂഡോയിൽ 8.05 ശതമാനം, ഇലക്ട്രോണിക്‌സ് 6.48 ശതമാനം, അമൂല്യ രത്‌നങ്ങൾ 17.5 ശതമാനം എന്നിങ്ങനെയും ഇറക്കുമതി ഇടിവ് കുറിച്ചു.
മോദിയുടെ മോഹം പൂവണിയുമോ?
നടപ്പു സാമ്പത്തിക വർഷം 35,000 കോടി ഡോളറിന്റെ കയറ്റുമതി വരുമാനമാണ് നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിടുന്നത്. ഏപ്രിൽ-ഫെബ്രുവരിയിൽ ഇത് 29,847 കോടി ഡോളറാണ്. അതായത്, ഈമാസം 5,000 കോടി ഡോളറോളം കയറ്റുമതി വരുമാനം കിട്ടിയാലേ ലക്ഷ്യം കാണാനാകൂ. നിലവിലെ ട്രെൻഡ് അനുസരിച്ച് മാർച്ചിലും കയറ്റുമതി 3,000 കോടി ഡോളറിനു താഴെ തന്നെയാകാനാണ് സാദ്ധ്യത.