ancy
അൻസി

ന്യൂഡൽഹി:ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവതിയും കൊല്ലപ്പെട്ടു.

ചേരമാൻ ജുമാമസ്ജിദിന് പടിഞ്ഞാറ് ഗൗരീശങ്കർ ആശുപത്രിക്ക് സമീപം കരിപ്പാക്കുളം പരേതനായ അലിബാവയുടെയും റസീമയുടെയും മകളും തിരുവള്ളൂരിലെ പൊന്നാത്ത് ഹംസയുടെ മകൻ അബ്ദുൾ നാസറിന്റെ ഭാര്യയുമായ ആൻസി ബാവയാണ് (23) മരിച്ചത്. ബി. ടെക് ബിരുദധാരിയായ ആൻസി ഉപരിപഠനത്തിനാണ് ന്യൂസിലാൻഡിലേക്ക് പോയത്. അവിടെ ലിങ്കൺ യൂണിവേഴ്‌സിറ്റിയിൽ അഗ്രിബിസിനസ് മാനേജ്‌മെന്റ് വിദ്യാർത്ഥിനിയായിരുന്നു. കോഴ്‌സ് പൂർത്തിയാക്കി അടുത്തമാസം തിരികെ വരാനിരിക്കെയാണ് ദുരന്തം.

രണ്ട് വർഷം മുമ്പ് വിവാഹിതയായ ആൻസിക്കൊപ്പം ഭർത്താവ് അബ്ദുൾ നാസറും ന്യൂസിലാൻഡിലേക്ക് പോയിരുന്നു.നാസർ അവിടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ന്യൂസീലൻഡിലെ ഡീൻസ് അവന്യുവിലാണ് ഇവർ താമസിച്ചിരുന്നത്.

ഭർത്താവിനൊപ്പമാണ് ആൻസി പള്ളിയിലേക്ക് പോയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ പള്ളികളുള്ള സ്ഥലമായതിനാൽ സ്ത്രീകളുടെ പള്ളിയിലാണ് ആൻസി കയറിയത്. അവിടെ വെടിവെയ്പിൽ ആൻസിക്ക് കാലിൽ പരിക്കേറ്റെന്നാണ് ആദ്യം ലഭിച്ച വിവരം. അതിന് ശേഷം ഇവരെ കാണാതായെന്നും സൂചനയുണ്ടായിരുന്നു. ഈ വിവരങ്ങൾ അബ്ദുൾ നാസർ പിതാവ് ഹംസയെ വിളിച്ചറിയിച്ചിരുന്നു. തളർന്നുപോയ അബ്ദുൾ നാസറിനെ ആശ്വസിപ്പിക്കാൻ ന്യൂസിലാൻഡിൽ തന്നെ ജോലി ചെയ്യുന്ന പിതൃസഹോദര പുത്രൻ ഫഹദ് സ്ഥലത്തെത്തിയപ്പോഴാണ് അൻസിയ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങൾ ഇന്നലെ വൈകിട്ടാണ് ദുരന്തവാർത്ത അറിഞ്ഞത്.

ന്യൂസീലൻഡിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൗതിക ദേഹം കൊണ്ടുവരാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് റിപ്പോർട്ട്.

ഇന്നസെന്റ് എം.പി, അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ തുടങ്ങിയവർ ഇന്നലെ ആൻസിയുടെ വീട്ടിൽ എത്തിയിരുന്നു