ലണ്ടൻ: പ്രമുഖ ഫാഷൻ ഡിസൈനറും ഇൻസ്റ്റഗ്രാമിലെ താരവുമായിരുന്ന ഫെലിസിറ്റിയുടെ അപ്രതീക്ഷിതമരണത്തിന്റെ ആഘാതത്തിലാണ് ആരാധകർ. 18ആം വയസിൽ ഹൃദയാഘാതത്തിന്റെ രൂപത്തിലായിരുന്നു ഫെലിസിറ്റയെ മരണം കവർന്നത്. ഗായകൻ ലൂയി ടോംലിൻസണിന്റെ സഹോദരി കൂടിയാണ് ഫെലിസിറ്റ.
മൂന്ന് വർഷംമുമ്പാണ് ഇരുവരുടെയും അമ്മ ജൊവാന്ന രക്താർബുദം ബാധിച്ച് മരണപ്പെട്ടത്. അതിന്റെ ഷോക്ക് മാറുംമുമ്പാണ് ഫെലിസിറ്റയേയും മരണം കൂട്ടിക്കൊണ്ടുപോയത്. വെസ്റ്റ് ലണ്ടനിലെ ഈൽസ് കോർട്ടിലുള്ള സ്റ്റുഡിയോ അപ്പാർട്ട്മെന്റിൽവച്ചാണ് ഫെലിസിറ്റ മരിച്ചത്. പൊലീസ് അന്വേഷണത്തിൽ അസ്വാഭാവികമായി യാതൊന്നും കണ്ടെത്താനായിട്ടില്ല.
ലഹരിയോ മയക്കുമരുന്നുകളോ ഉപയോഗിച്ചതായും പരിശോധനയിൽ തെളിഞ്ഞിട്ടില്ല. പോസ്റ്റുമാർട്ടവും ആന്തരികാവയവങ്ങളുടെ പരിശോധനയും പൂർത്തിയാക്കിയാൽ മാത്രമേ യഥാർത്ഥകാരണം കണ്ടെത്താനാകൂ. സഹോദരിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ലൂയി ഫെലിസിറ്റയുടെ മരണത്തോടെ ആകെ തകർന്ന അവസ്ഥയിലാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
അടുത്ത ദിവസങ്ങളിൽ നടത്താനിരുന്ന സംഗീതപരിപാടികൾ ലൂയി റദ്ദാക്കിയിട്ടുണ്ട്. കുടുംബവുമായി വളരെ അടുപ്പമുള്ളവരായിരുന്നു ഫെലിസിറ്റയും ലൂയിയും. അമ്മയുടെ ജന്മവർഷമായ 1973ഉം സഹോദരങ്ങളുടെ പേരിന്റെ ആദ്യാക്ഷാരവും ഫെലിസിറ്റ ടാറ്റൂ ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമി? 13 ലക്ഷത്തോളം പേരാണ് ബോൾഡ് ആൻഡ് ബ്യൂട്ടിഫുളായ ഫെലിസിറ്റയെ പിന്തുടരുന്നത്.