കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ മുഖ്യപങ്ക് വഹിച്ചയാളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. കൊല്ലപ്പെട്ട കൃപേഷിനെയും ശരത് ലാലിനെയും പിന്തുടർന്ന് കൊലയാളി സംഘത്തിന് ഫോണിൽ വിവരം കൈമാറിയ കല്യോട്ട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെ (35) യാണ് അന്വേഷണ സംഘം പിടികൂടിയത്. മൊബൈൽ ഫോൺ കാളുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച ശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
കല്യോട്ട് ക്ഷേത്രത്തിലെ ഉത്സവത്തിന് സംഘാടക സമിതി രൂപീകരണ യോഗം നടന്ന ഫെബ്രുവരി 17 ന് രാവിലെ മുതൽ കൃപേഷിനെയും ശരത് ലാലിനെയും ചുറ്റിപ്പറ്റി രഞ്ജിത്ത് ഉണ്ടായിരുന്നു എന്നാണ് വിവരം. രഞ്ജിത്ത് നൽകിയ വിവരം അനുസരിച്ചാണ് കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന സംഘം യുവാക്കളെ വകവരുത്തിയത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഏഴ് പ്രതികളെ ലോക്കൽ പൊലീസിലെ പ്രത്യേക അന്വേഷണ സംഘവും രണ്ട് പ്രതികളെ ക്രൈംബ്രാഞ്ച് സംഘവുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്ത പെരിയ തന്നിത്തോട്ടെ എ. മുരളി (36)യെ ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.