ശ്രീനഗർ: ജമ്മുകാശ്‌മീരിൽ സ്പെഷ്യൽ പൊലീസിലെ വനിതാ ഓഫീസർ ഭീകരന്റെ വെടിയേറ്റ് വീരമൃത്യു വരിച്ചു. ഖുഷ്ബൂ ജാൻ എന്ന ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്.
തെക്കൻ കാശ്‌മീരിലെ ഷോപ്പിയനിൽ വെഹിൽ ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്‌ക്ക് 2.30നായിരുന്നു ആക്രമണം. വീടിന് പുറത്ത് നിന്ന ഖുഷ്ബൂ ജാനിനെ ഭീകരൻ തൊട്ടടുത്തു നിന്ന് വെടിവയ്‌ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തി.
ഭീകര വിരുദ്ധ പോരാത്തിന് കാശ്‌മീർ പൊലീസ് നിശ്ചിത തുക മാസ ശമ്പളം നൽകി നിയോഗിക്കുന്നവരാണ് സ്പെഷ്യൽ പൊലീസ്. ഇവർക്ക് ആയുധ പരിശീലനമോ ആയുധമോ നൽകാതെയാണ് ഭീകര വിരുദ്ധ ഓപ്പറേഷന് നിയോഗിക്കുന്നത്. ആയുധ പരിശീലനവും സർവീസ് ആയുധങ്ങളും നൽകിയിട്ടുള്ള സംസ്ഥാന പൊലീസിനും താഴെയാണ് ഇവർ.
കാശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള സംഭവത്തിൽ ഖേദം രേഖപ്പെടുത്തി.