benny-

ന്യൂഡൽഹി:നാലു സീറ്റുകൾ ഒഴികെയുള്ള ബാക്കി 12 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. വയനാട്,​ ആറ്റിങ്ങൽ, ആലപ്പുഴ,​ വടകര സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിലാണ് തർക്കം തുടരുന്നത്. ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഹൈക്കമാൻഡ് നാളെ തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു തർക്കം മൂലമല്ല വൈകുന്നത്. കൂടുതൽ ചർച്ച ആവശ്യമായതിനാലാണ്. ഉമ്മൻചാണ്ടിയുമായി അഭിപ്രായവ്യത്യാസമില്ലെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.

എറണാകുളത്ത് സിറ്റിംഗ് എം.പി കെ.വി.തോമസിനെ ഒഴിവാക്കി ഹൈബി ഈഡൻ എം.എൽ.എ മത്സരിക്കും. ചാലക്കുടിയിൽ ബെന്നി ബെഹനാൻ ആയിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥി. കാസർകോട്ട് നേരത്തെ സ്ഥാനാർത്ഥിയാകുമെന്ന് കരുതിയിരുന്ന സുബ്ബയ്യറാവുവിന് പകരം രാജ്മോഹൻ ഉണ്ണിത്താൻ സ്ഥാനാർത്ഥിയാകും. പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെ മത്സരിക്കും.

സിറ്റിംഗ് എം.പിമാരായ ശശി തരൂർ (തിരുവനന്തപുരം)​,​ ആന്റോ ആന്റണി (പത്തനംതിട്ട)​,​ കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര)​,​ എം.കെ.രാഘവൻ ( കോഴിക്കോട്)​ എന്നീ സിറ്റിംഗ് എം.പിമാരെ മത്സരിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ മത്സരിക്കില്ലെന്നും ഇവർ അറിയിച്ചു. സ്ഥാനാർത്ഥി നിർണയത്തിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഈ മൂന്നു പ്രമുഖരും മത്സരിക്കില്ല എന്ന് മുല്ലപ്പള്ളിയും രമേശും അറിയിച്ചത്.

മൂന്നു സീറ്റുകളിൽ അവസാനം വരെ തർക്കം തുടർന്നു. ഇടുക്കി, വയനാട് സീറ്റുകളിൽ യഥാക്രമം ഡീൻ കുര്യാക്കോസിനേയും ടി.സിദ്ദിഖിനേയും മത്സരിപ്പിക്കണമെന്ന് എ ഗ്രൂപ്പ് നിലപാടെടുത്തു. ഡീനിനെ ഇടുക്കിയിൽ മത്സരിപ്പിക്കണമെങ്കിൽ വയനാട്ടിൽ കെ.പി അബ്ദുൾ മജീദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഐ ഗ്രൂപ്പ് നിലപാടെടുത്തു.

രണ്ടിൽ ഒരു സീറ്റ് വേണമെന്ന ഉറച്ച നിലപാട് ഐ ഗ്രൂപ്പ് എടുത്തതോടെ രണ്ട് പേർ വീതം തിരഞ്ഞെടുപ്പ് സമിതിക്ക് വിടാൻ തീരുമാനിച്ചത്. വടകരയാണ് തീരുമാനമാകാത്ത നാലാമത്തെ മണ്ഡലം. ഇവിടെ കെ.എസ്.യു പ്രസിഡന്റ് കെ.എം.അഭിജിത്തോ ഒരു പുതുമുഖമോ സ്ഥാനാർത്ഥിയായേക്കും.


കോൺഗ്രസ് സ്ഥാനാർത്ഥികൾ


കാസർകോട്: - രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ : കെ.സുധാകരൻ

കോഴിക്കോട്: എം.കെ. രാഘവൻ
ആലത്തൂർ: രമ്യ ഹരിദാസ്
പാലക്കാട്; വി.കെ ശ്രീകണ്ഠൻ
തൃശൂർ: ടി.എൻ.പ്രതാപൻ
ചാലക്കുടി: ബെന്നി ബെഹന്നാൻ

എറണാകുളം; ഹൈബി ഈഡൻ
പത്തനംതിട്ട : ആന്റോ ആന്റണി

ഇടുക്കി: ഡീൻ കുര്യാക്കോസ്
മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: ശശി തരൂർ