ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിലെ ബി.ജെ.പി എം.പി ശ്യാമചരൺ ഗുപ്ത പാർട്ടി വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. പ്രയാഗ്‌രാജിലെ ബി.ജെ.പി എം.പിയാണ് ശ്യാമചരൺ. ബി.ജെ.പി ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കുന്നതിനു മണിക്കൂറുകൾ മുമ്പാണ് ഇദ്ദേഹം ബി.ജെ.പിയിൽ നിന്ന് രാജിവച്ചത്. ബാന്ദ മണ്ഡലത്തിൽ നിന്ന് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായി ശ്യാമചരൺ മത്സരിക്കും.
സമാജ്‌വാദി പാർട്ടി നേതാവായിരുന്ന ശ്യാമചരൺ 1999ൽ ബാന്ദയിൽ നിന്ന് മത്സരിച്ച് മായാവതിയുടെ ബി.എസ്.പി സ്ഥാനാർത്ഥിയോട് തോറ്റിരുന്നു. 2004ൽ ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചു. 2009ൽ ഫുൽപൂരിൽ എസ്.പി സ്ഥാനാർത്ഥിയായെങ്കിലും തോറ്രു. കിഴക്കൻ യു.പിയിലെ ബനിയ വിഭാഗത്തിന്റെ പ്രമുഖ നേതാവായ ശ്യാമചരൺ 2014ലാണ് ബി.ജെ.പി ടിക്കറ്റിൽ അലഹബാദ് (പ്രയാഗ്‌രാജ്) മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.
ഖണ്ഡൂരിയുടെ മകൻ കോൺഗ്രസിൽ
ഉത്തരാഖണ്ഡിൽ മുതിർന്ന ബി.ജെ.പി നേതാവ് ബി.സി. ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പാർട്ടി വിടുകയാണെന്ന് കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നെങ്കിലും ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. ബി.സി. ഖണ്ഡൂരിയുടെ പുരി മണ്ഡലത്തിൽ മനീഷിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്നാണ് റിപ്പോർട്ട്.
ബി.എസ്.പി വിട്ട് കോൺഗ്രസിൽ ചേർന്നയാളെ അടിച്ചുകൊന്നു
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബി.എസ്.പി വിട്ട് കോൺഗ്രസിൽ ചേർന്ന ദേവേന്ദ്ര ചൗരസ്യയെ ഒരു സംഘം ആളുകൾ അടിച്ചുകൊന്നു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ചൗരസ്യയുടെ മകന് ഗുരുതരമായി പരിക്കേറ്രിരുന്നു. മദ്ധ്യപ്രദേശിലെ ദമോയിലാണ് സംഭവം നടന്നത്. ഇരുമ്പ് ദണ്ഡുകളുപയോഗിച്ചായിരുന്നു ആക്രമണം.
കൊലപാതകവുമായി ബന്ധപ്പെട്ട് ദമോ പത്താരിയ മണ്ഡലത്തിലെ സിറ്റിംഗ് എം.എൽ.എ രാം ഭായിയുടെ ഭർത്താവ് ഗോവിന്ദ് സിംഗ് ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുത്തു.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
മൂന്ന് ദിവസത്തിന് മുമ്പാണ് ചൗരസ്യ കോൺഗ്രസിൽ ചേർന്നത്.