pjjoseph-

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് മത്സരിക്കുമെന്ന നിലപാടിൽ നിന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് പിൻമാറി. കേരള കോൺഗ്രസ് പിളർത്താനില്ലെന്നും താനില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. കോൺഗ്രസ് സ്ഥാനാ‍ർഥിപ്പട്ടിക പ്രഖ്യാപിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് പി ജെ ജോസഫ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറിയത്. സീറ്റ് നിഷേധിച്ചത് പോലുള്ള അട്ടിമറികൾ ഇല്ലാതാക്കാനുള്ള പോരാട്ടം പാർട്ടിക്കുള്ളിൽ ശക്തമാക്കുമെന്നും പി.ജെ ജോസഫ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തന്നെ ഇടുക്കിയിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നെങ്കിലും തനിക്കത് സ്വീകാര്യമായിരുന്നില്ലെന്നു പി.ജെ ജോസഫ് വെളിപ്പെടുത്തി.

തനിക്കും ജോസ് കെ മാണിക്കും കേരളാ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഇരട്ടനീതിയാണ് കിട്ടിയതെന്ന് ജോസഫ് തുറന്നടിച്ചു. പ്രാദേശികവാദം ഉന്നയിച്ച് തന്നെ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റി നിർത്തി. ഇതിൽ അമർഷമുണ്ട്. ഇടുക്കിയിൽ കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകാമെന്ന നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പിൻമാറുകയാണെന്ന് പിജെ ജോസഫ് വിശദീകരിച്ചു.

പിന്നീട് സ്ഥാനാർത്ഥിയാകാൻ കോൺഗ്രസ് ചില നിബന്ധനകൾ മുന്നോട്ടുവെച്ചു. ഇത് തനിക്ക് സ്വീകാര്യമായിരുന്നില്ല. പാർട്ടി വിട്ട് ഒരു ഒത്തുതീർപ്പിനും തയ്യാറായിരുന്നില്ല. യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ തങ്ങൾ രംഗത്തുണ്ടാവും. കേരള കോൺഗ്രസിലെ ഉൾപ്പാർട്ടി ജനാധിത്യം ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.