news

1. ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സിയ മരിച്ചെന്ന് സ്ഥിരീകരണം. ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് കൊല്ലപ്പെട്ടത് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യക്കാരായ 2 പേര്‍ക്ക് പരിക്കേറ്റു. ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം. റെഡ്‌ക്രോസ് പുറത്തു വിട്ട പട്ടികയിലാണ് ഇന്ത്യക്കാരുടെ പേരുകള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല

2. ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസിലാന്റ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരനാണ് ആക്രമണം നടത്തിയവരില്‍ ഒരാള്‍. എത്ര പേര്‍ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതു വരെ വ്യക്തമായിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

3. ഭീകരാക്രമണം നടത്തിയ ബെന്റണ്‍ ടാരന്റിന് തോക്ക് കൈവശം വയ്ക്കുന്നതിന് ഉള്ള ലൈസന്‍സ് ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് രാജ്യത്തെ തോക്ക് കൈവശം വയ്ക്കുന്നതിനുള്ള നിയമത്തില്‍ മാറ്റം വരുത്തും എന്ന് പ്രധാനമന്ത്രി ജസീന്‍ഡ അര്‍ഡന്‍. ലോകത്ത ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു

4. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഉമ്മന്‍ചാണ്ടി കേന്ദ്രീകരിക്കുന്നത്, കേരള രാഷ്ട്രീയത്തില്‍ എന്ന് രമേശ് ചെന്നിത്തല. കെ.സിയ്ക്ക് ഡല്‍ഹിയില്‍ തിരക്കുകള്‍ ഉണ്ട്. ഉമ്മന്‍ചാണ്ടി മത്സരിക്കണം എന്ന് നേതൃത്വം ആവശ്യപ്പെട്ടു എങ്കിലും മത്സരിക്കാന്‍ ഇല്ലെന്നും ഉമ്മന്‍ചാണ്ടി നിലപാട് എടുക്കുക ആയിരുന്നു. മിടുക്കന്മാരും ചുണക്കുട്ടികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകും എന്നും ചെന്നിത്തല. സോണിയാ ഗാന്ധിയുടെ വീട്ടില്‍ നിര്‍ണായക യോഗം പുരോഗമിക്കുന്നു

5. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നില്ല എന്ന കാര്യം ചെന്നിത്തലയും മുല്ലപ്പള്ളിയും ചേര്‍ന്ന് മാദ്ധ്യമങ്ങളെ അറിയിച്ചത്, തിരഞ്ഞെടുപ്പ് സമിതി ചേരുന്നതിന് തൊട്ടു മുന്‍പ്. വയനാട്, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തിരഞ്ഞെടുപ്പ് സമിതി ചേരുന്നതിന് തൊട്ടു മുന്‍പുവരെ നിലനിന്നിരുന്നത് രൂക്ഷമായ അഭിപ്രായ ഭിന്നത. ഇക്കാര്യങ്ങളില്‍ എല്ലാം സമവായം ആയതായി വിവരം

6. ജോസ്.കെ. മാണിക്കും തനിക്കും പാര്‍ട്ടിയില്‍ രണ്ട് നീതി എന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്നും തന്നെ മനപൂര്‍വം മാറ്റി നിര്‍ത്താനായി പ്രാദേശിക വാദം ഉന്നയിച്ചു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരിക്കും എന്ന മുന്‍ നിലപാടില്‍ നിന്നും താന്‍ പിന്മാറി എന്നും ജോസഫ്

7. തന്നെ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയത് മനപൂര്‍വം. ജോസ് കെ മാണി ചര്‍ച്ചയ്ക്ക് തയ്യാറായില്ല. കേരള കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനായി പോരാടും. ഇതുപോലുള്ള അട്ടിമറി നീക്കങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ല. പിളര്‍പ്പ് ഉണ്ടാകില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്നും പി.ജെ ജോസഫ്

8. ഞാനും കാവല്‍കാരന്‍ ആണ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാഷ്ടാഗ് പ്രചരണത്തിന് പിന്നാലെ മോദിക്ക് എതിരെ സ്യൂട്ട്ബൂട്ട് കാ ചൗകിദാര്‍ എന്ന ഹാഷ്ടാഗുമായി തിരിച്ചടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി സഹായിക്കുന്നത്, അനില്‍ അംബാനിയേയും ഗൗതം അംബാനിയേയും മാത്രം എന്ന് ആരോപണം. ഹാഷ് ടാഗിന് ഒപ്പം അനില്‍ അംബാനി, നീരവ് മോദി, മെഹുല്‍ ചോക്സി, വിജയ്മല്യ എന്നിവരോടൊപ്പം മോദി നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്

9. ഇന്ന് രാവിലെ ആണ് പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ പേജില്‍ മേം ഭി ചൗക്കീദാര്‍ എന്ന ടാഗ് ലൈനോടെ വീഡിയോ പോസ്റ്റ് ചെയ്തത്. സമൂഹത്തിലെ അഴിമതിയും തിന്മയും തുടച്ചു നീക്കാന്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും രാജ്യ പുരോഗതിയ്ക്കായി കഠിനമായി പരിശ്രമിക്കുന്ന ഓരോരുത്തരും ചൗക്കീദാര്‍ ആണ്. നിങ്ങളുടെ കാലല്‍ക്കാരനായ താന്‍ രാജ്യ സുരക്ഷയ്ക്കായി ശക്തമായി നിലകൊള്ളുന്നു എന്നും മോദി ട്വീറ്റ് ചെയ്തിരുന്നു

10. പാഠ്യപദ്ധതിയില്‍ നിരവധി മാറ്റങ്ങളുമായി സി.ബി.എസ്.ഇ. നിര്‍മിത ബുദ്ധി, യോഗ, ബാലകാല സംരക്ഷണ വിദ്യാഭ്യാസം എന്നിവ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സി.ബി.എസ്.ഇ തീരുമാനം. വരുന്ന അധ്യയന വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസില്‍ നിര്‍മിത ബുദ്ധി ഓപ്ഷണല്‍ വിഷയമായി ഉള്‍പ്പെടുത്തും. സ്‌കൂളുകള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ എട്ടാം ക്ലാസിലും നിര്‍മിത ബുദ്ധിയുടെ മൊഡ്യൂള്‍ ചേര്‍ക്കാന്‍ അവസരം ഉണ്ട്

11. യോഗ, ബാലകാല്യ സംരക്ഷണ വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ സീനിയര്‍ സെക്കന്ററി തലത്തില്‍ ഇലക്ടീവ് വിഷയമായിരിക്കും. നൈപുണ്യ വിഷയങ്ങള്‍ സെക്കന്ററി തലത്തില്‍ ആറാമത്തെ വിഷയമായി തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും. തിരഞ്ഞെടുത്ത വിഷയങ്ങളില്‍ പരാജയപ്പെട്ടാല്‍ വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടാകും. പുതിയതായി ഉള്‍പ്പെടുത്ത വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ ഈ മാസം 31ന് അകം സി.ബി.എസ്.ഇക്ക് അപേക്ഷ നല്‍കണം എന്നും അധികൃതര്‍