ipl-

ന്യൂഡൽഹി : ഇന്ത്യൻ പ്രിമിയർ ലീഗിന്റെ ഇത്തവണത്തെ മുഴുവൻ മത്സരക്രമവും നാളെ പ്രസിദ്ധീകരിച്ചേക്കും. സുപ്രീംകോടതി നിയമിച്ച ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി ഇന്ന് മുംബയിൽ ചേരുന്ന യോഗത്തിന് ശേഷം ഇത്തവണത്തെ മത്സരക്രമത്തെക്കുറിച്ച് അന്തിമ തീരുമാനം ആയേക്കുമെന്നാണ് സൂചന. ഐ.പി.എൽ ഗവേണിംഗ് ബോഡി തിരക്കിട്ട് മത്സരക്രമങ്ങൾ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. ലോക് സഭാ തിരഞ്ഞെടുപ്പും ഏകദിന ലോകകപ്പും വരുന്നതിനാൽ ഇത്തവണത്തെ ഐ.പി.എൽ മത്സരക്രമം ശരിയാക്കൽ വലിയ വെല്ലുവിളിയാണ്. ലോകകപ്പ് മേയ് 30 ന് തുടങ്ങുന്നതിനാൽ ഇത്തവണ ഐ.പി.എൽ നേരത്തേ തുടങ്ങും. ഐ.പി.എല്ലിലെ ആദ്യത്തെ രണ്ടാഴ്ചത്തെ മത്സരക്രമം ബി.സി.സി.ഐ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷമേ ബാക്കി മത്സരക്രമം തീരുമാനിക്കൂവെന്നാണ് അന്ന് ഐ.പി.എൽ ഗവേണിംഗ് ബോഡി ചെയർമാൻ രാജീവ് ശുക്ല പറഞ്ഞത്. ഈമാസം 23ന് ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂരും തമ്മിലാണ് ഇത്തവണ ഐ.പി.എല്ലിലെ ആദ്യ മത്സരം. രാത്രി 8 മുതലാണ് മത്സരം. തിങ്കളാഴ്ച നടക്കുന്ന ഇടക്കാല ഭരണസമിതിയുടെ യോഗത്തിൽ ശ്രീശാന്തിന്റെ വിലക്കിന്റെ കാര്യത്തിലും തീരുമാനമുണ്ടായേക്കും.