തുക കൈമാറുന്നത് ഐ.പി.എൽ ഉദ്ഘാടനച്ചടങ്ങിനിടെ
ന്യൂഡൽഹി : കാശ്‌മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ 43 ജവാന്മാർ വീരുമൃത്യുവരിച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ സുരക്ഷാ സേനയുടെ ക്ഷേമത്തിനായി ഇന്ത്യൻ ക്രിക്കറ്ര് കൺട്രോൾ ബോർഡ് ഇരുപത് കോടിരൂപ നൽകും. ഇത്തവണത്തെ ഐ.പി.എല്ലിന്റെ ഉദ്ഘാടനമത്സരത്തിന് തുക കൈമാറും. ഇതിനായി ഇന്ത്യൻ കര.നാവിക, വ്യോമ സേനകളിലെ പ്രധാന ഉദ്യോഗസ്ഥരെ 23ന് ചെന്നൈ സൂപ്പർകിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ വേദിയായ ചെന്നൈയിലേക്ക് ക്ഷണിക്കും. വിരാട് കൊഹ്‌ലിയും മഹേന്ദ്ര സിംഗ് ധോമിയും ചേർന്ന് തുകയുടെ ആദ്യ ഗഡു സൈനിക ഉദ്യോഗസ്ഥർക്ക് കൈമാറും. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഐ.പി.എല്ലിൽ വർണാഭമായ ഉദ്ഘാടനച്ചടങ്ങ് വേണ്ടെന്ന് നേരത്തേ ബ.സി.സി.ഐയുടെ ഇടക്കാല ഭരണ സമിതി തീരുമാനിച്ചിരുന്നു.