ന്യൂഡൽഹി: അതെ, ഞാൻ കാവൽക്കാരൻ തന്നെ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉറക്കെ പ്രഖ്യാപിക്കുകയാണ്. കാവൽക്കാരൻ കള്ളനാണെന്ന (ചൗകീദാർ ചോർ ഹേ) കോൺഗ്രസ് വിമർശനത്തിനാണ് അതെ, ഞാൻ കാവൽക്കാരൻ തന്നെ (മേം ഭീ ചൗകീധാർ) എന്ന് പ്രധാനമന്ത്രി മറുപടിയുമായെത്തിയിരിക്കുന്നത്.
പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണ് 'മേം ഭി ചൗക്കീദാർ" എന്ന പുതിയ ടാഗ് ലൈനോടെ ഇന്നലെ ട്വിറ്ററിൽ പോസ്റ്റു ചെയ്തത്. മണിക്കൂറുകൾക്കകം തന്നെ ട്രെൻഡിംഗ് ആയി മാറുകയും ചെയ്തു. 50,000 പേരാണ് ട്വീറ്റിന് ഇഷ്ടം രേഖപ്പെടുത്തിയത്.
പുതിയ പ്രചരണവീഡിയോ കോൺഗ്രസിന്റെ ആരോപണങ്ങൾ കാറ്റിൽ പറത്തുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
''സമൂഹത്തിലെ അഴിമതിയും തിന്മയും ഇല്ലാതാക്കാൻ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും രാജ്യപുരോഗതിക്കായി പരിശ്രമിക്കുന്ന ഓരോരുത്തരും ചൗക്കീദാറാണ്. നിങ്ങളുടെ കാവൽക്കാരനായ ഞാന്‍ രാജ്യസേവനത്തിനായി ശക്തമായി നിലകൊള്ളുന്നു. ഞാൻ ഒറ്റയ്ക്കല്ല. ഓരോ ഇന്ത്യാക്കാരനും താനൊരു ചൗക്കീദാറെന്ന് പറയുന്നു" എന്നും മോദി ട്വീറ്ററിൽ വിശദമാക്കി. തന്റെ മേം ഭീ ചൗകീധാർ പ്രചാരണത്തിന്റെ ഭാഗമാകാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്.
റാഫേൽ കരാറിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പൊതു പരിപാടികളിൽ രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. കാവൽക്കാരന് മോഷണവും വശമുണ്ട് എന്ന ടാഗോടു കൂടി മോദിയും അനിൽ അംബാനിയും ചേർന്നുള്ള ചിത്രവും കോൺഗ്രസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് തിരഞ്ഞെടുപ്പിൽ മോദി ആയുധമാക്കിയിരിക്കുന്നത്.
ബി.ജെ.പി നേതാക്കളായ പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, ബി.എസ്. യെദിയൂരപ്പ തുടങ്ങിയവരെല്ലാം മോദിയുടെ ചൗകീദാർ പ്രചാരണത്തിൽ ട്വിറ്ററിലൂടെ പങ്കാളികളായിട്ടുണ്ട്.