കാസർകോട് : പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന ശേഷം സംഘത്തിലെ മൂന്ന് പ്രതികൾ ഒളിച്ചത് ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത രഞ്ജിത്ത് എന്ന അപ്പുവിന്റെ (24) കല്യോട്ട് കണ്ണോത്ത് താനത്തിങ്കലിലെ വീട്ടിൽ. സംഭവശേഷം മൂന്നുസംഘങ്ങളായി പിരിഞ്ഞ പ്രതികളിൽ മൂന്നു പേർ പുലർച്ചെ നാലിനാണ് കല്യോട്ട് നിന്ന് മൂന്നു കിലോമീറ്റർ അകലെ പാറപ്പള്ളി റോഡിലുള്ള രഞ്ജിത്തിന്റെ വീട്ടിലെത്തിയത്. അറസ്റ്റിലായ എച്ചിലടുക്കം സംഘവുമായി ഇയാൾക്ക് അടുത്തബന്ധമുണ്ട്. കണ്ണൂർ, മംഗളൂരു ഭാഗങ്ങളിലെ ലഹരി ലോബിയുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുള്ള രഞ്ജിത്ത് കല്യോട്ട് ഭാഗങ്ങളിൽ കഞ്ചാവ് വിതരണം നടത്തുന്ന മുഖ്യകണ്ണിയാണെന്ന് നാട്ടുകാർ പറയുന്നു. പെയിന്റിംഗ് തൊഴിലാളിയായ രഞ്ജിത്ത് അഞ്ചു മാസമായി ജോലിക്ക് പോകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
കൊലപാതകത്തിനു ശേഷം നാട്ടിൽ ഇല്ലാതിരുന്ന ഇയാൾ തന്നെ സംശയം ഇല്ലെന്ന് കണ്ട് ഇടയ്ക്കിടെ വീട്ടിൽ വന്നുപോയിരുന്നു. രഞ്ജിത്തിന് കൊലയുമായി ബന്ധമുണ്ടെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. അതിനിടെ ഇന്നലെ വൈകിട്ട് അന്വേഷണ സംഘത്തലവൻ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിനെ കണ്ട് ഡിവൈ.എസ്.പി പ്രദീപ് അന്വേഷണ പുരോഗതി വിലയിരുത്തി