പനാജി: ഗോവയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടമായേക്കുമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി സൂചന. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവലേക്കർ ഇതുസംബന്ധിച്ച് ഗവർണർ മൃദുല സിൻഹയ്ക്ക് ഇന്നലെ കത്തു നൽകി. മനോഹർ പരീക്കറിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ ഭൂരിപക്ഷം നഷ്ടമായി താഴെ വീഴാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്രക്കക്ഷിയായ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി എം.എൽ.എ ഫ്രാൻസിസ് ഡിസൂസയുടെ മരണത്തോടെ ബി.ജെ.പിക്ക് സഭയിൽ ഭൂരിപക്ഷം നഷ്ടമായതായി കത്തിൽ പ്രതിപക്ഷം പറഞ്ഞിട്ടുണ്ട്. നിയമസഭയിൽ ബി.ജെ.പിയുടെ 14 സീറ്റ് 13 ആയി കുറഞ്ഞിരുന്നു. രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ രാജി, ഫ്രാൻസിസ് ഡിസൂസയുടെ മരണം എന്നീ കാരണങ്ങളാൽ നിയമസഭയിലെ ആകെ സീറ്റ് 40 ൽ നിന്ന് 37 ആയി കുറഞ്ഞിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന മൂന്ന് സീറ്രുകളിലേക്ക് അടുത്തമാസം 23ന് ഉപതിരഞ്ഞെടുപ്പ് നടക്കും.