ഐ.എസ്.എൽ ഫൈനൽ ഇന്ന്
മുംബയ് : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിലെ പുതിയ ചാമ്പ്യൻമാരെ ഇന്നറിയാം. മുംബയ് അരീനയിൽ ഇന്ന് രാത്രി നടക്കുന്ന ഐ.എസ്.എൽ അഞ്ചാം സീസണിലെ ഫൈനലിൽ ബംഗളൂരു എഫ്.സിയും ഗോവയും തമ്മിൽ ഏറ്രുമുട്ടും. കഴിഞ്ഞ തവണ കൈയകലത്തിൽ നഷ്ടമായ കപ്പ് ഇത്തവണ സ്വന്തമാക്കാനുറച്ചാണ് ബംഗളൂരു കലാശപ്പോരിന് ബൂട്ട് കെട്ടുന്നത്. അതേസമയം 2015ൽ കൈവിട്ട കീരിടത്തിനായാണ് ഗോവയുടെ പോരാട്ടം. ഐ.എസ്.എല്ലിൽ ഇത്തവണ ജയത്തിലും പോയിന്റ് നിലയിലും സമാനത പുലർത്തിയ തുല്ല്യശക്തികൾ തമ്മിലുള്ള മത്സരം ആരാധകരെ ആവേശത്തിലാറാടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
പ്രതീക്ഷയോടെ ബംഗളൂരു
ലീഗിൽ ഒന്നാംസ്ഥനക്കാരായ ബംഗളൂരുവിനാണ് ഫൈനലിൽ നേരിയ മുൻതൂക്കമുള്ളത്.എന്നാൽ നോർത്ത് ഈസ്റ്രിനെതിരെ പാെരുതിയാണ് അവർ ഫൈനലിൽ എത്തിയത്. ആദ്യ പാദത്തിൽ നോർത്ത് ഈസ്റ്റിനോട് തോറ്റ അവർ രണ്ടാം പാദത്തിൽ സ്വന്തം തട്ടകമായ കണ്ഠീരവ സ്റ്റേഡിയത്തിൽ അവസാന 18 മിനിറ്റിൽ നേടിയ 3 ഗോളുകളുടെ പിൻബലത്തിലാണ് നാടകീയമായി ഫൈനൽ ഉറപ്പിച്ചത്. സന്തുലിതമാണ് ടീം. ലീഗിൽ നന്നായി തുടങ്ങിയ ബംഗളൂരുവിന് ഇടയ്ക്കൊന്ന കാലിടറിയെങ്കിലും ടീം വർക്കിലൂടെ താളം വീണ്ടെടുക്കുകയായിരുന്നു.കഴിഞ് തവണയും ലീഗിൽ ഒന്നാം സ്ഥാനക്കാരായാണ് ബംഗളൂരു ഫൈനലിൽ എത്തിയത്. കഴിഞ്ഞ തവണത്തെ പിഴവ് ഇത്തവൻ ഫൈനലിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രതയോടെയാണ സുനിൽ ഛെത്രിയും സംഘവും ഇറങ്ങുന്നത്. ഛെത്രിയും മിക്കുവും ഭേകെയും ഉദാന്തയും ഗുർപ്രീതുമൊക്കെ ഉൾപ്പെടുന്ന സംഘം ഇത്തവണ നിരാശപ്പെടുത്തില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇത്തവണ രണ്ട് തവണ ഏറ്രുമുട്ടുയപ്പോഴും ഗോവയെ തോൽപ്പിക്കാനായതും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
കപ്പടിക്കാൻ ഗോവ
ആക്രമണമാണ് ഗോവയുടെ മുഖമുദ്ര. മിന്നലാക്രമണങ്ങളിലൂടെ ഇന്ന് ബംഗളൂരുവിന്റെ വെല്ലുവിളി മറികടക്കാനാകുമെന്ന് അവർ സ്വപ്നം കാണുന്നു. ടൂർണമെന്റിൽ ഇതുവരെ അവർ 41 ഗോളുകളാണ് എതിർവലയിൽ നിക്ഷേപിച്ചത്. സെമിയിൽ ആദ്യപാദത്തിൽ മുംബയ്‌യെ 5-1ന് തകർത്ത അവർ രണ്ടാം പാദത്തിൽ 0-1ന് തോറ്റെങ്കിലും ആദ്യപാദത്തിലെ വമ്പൻ ജയത്തിന്റെ കരുത്തിൽ ഫൈനലിൽ എത്തുകയായിരുന്നു. ബംഗളൂരുവിനെതിരെ ഇതുവരെ ഒരുതവണയേ ജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് അവരുടെ പോരായ്മ. കഴിഞ്ഞ സീസണിൽ ബംഗളൂരു പത്ത് പേരായി ചുരുങ്ങിയ മത്സരത്തിൽ മാത്രമേ ഗോവയ്ക്ക് അവരെ തോൽപ്പിക്കാനായിട്ടുള്ളൂ. ഇത്തവണ ടോപ്‌സ്കോറർ പട്ടികയിൽ നിലവിൽ 16 ഗോളുമായി ഒന്നാമനായിട്ടുള്ള ഫെറാൻ കോറോമിനാസിലാണ് ഗോവയുടെ പ്രധാന പ്രതീക്ഷ. കോറോയ്ക്കൊപ്പം എഡു ബഡിയ,അഹമ്മദ് ജോഹു എന്നിവരെല്ലാം ഫോമിലേക്കുയർന്നാൽ കപ്പടിക്കാമെന്ന് ഗോവക്കാർ വിശ്വസിക്കുന്നു.