ന്യൂഡൽഹി:ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നാണ് അറിയുന്നത്. രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുമുണ്ട്. കൊല്ലപ്പെട്ടവരിൽ
ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് ജൂനത്ത് ഖാര എന്നയാളും ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
തെലുങ്കാന സ്വദേശിയായ അഹമ്മദ് ഇക്‌ബാൽ ജഹാംഗീർ (35) ആണ് പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ. ഇയാൾ ക്രൈസ്റ്റ് ചർച്ചിലെ ആശുപത്രിയിൽ ഒരു ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായെന്നും ഒരു ശസ്‌ത്രക്രിയ കൂടി ആവശ്യമാണെന്നും അപകടനിലയിലല്ലെന്നും ബന്ധുക്കൾ അറിയിച്ചു. ക്രൈസ്റ്റ്ചർച്ചിൽ ഹോട്ടൽ നടത്തുകയാണ് ജഹാംഗീർ.
ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ മെഹബൂബ് ഖോക്കർ എന്നയാൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മകനെ കാണാൻ രണ്ടു മാസം മുൻപാണ് മെഹബൂബ് ന്യൂസിലൻഡിൽ എത്തിയത്.
റെഡ്ക്രോസ് പുറത്തു വിട്ട ലിസ്റ്റിലാണ് മലയാളി ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ഉള്ളത്. മരിച്ചവരെയും പരിക്കേറ്റവരെയും പൂർണമായി തിരിച്ചറിഞ്ഞിട്ടില്ല.ആക്രണത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ഒൻപത് ഇന്ത്യൻ വംശജരെ കാണാതാവുകയും ചെയ്തതായി ന്യൂസീലൻഡിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കോഹ്‌ലി അറിയിച്ചിരുന്നു.
കൊലയാളി മുസ്ലിം വിദ്വേഷി
ഭീകരാക്രമണത്തിൽ ന്യൂസിലൻഡ് പൊലീസ് അറസ്റ്റ് ചെയ്ത ആസ്‌ട്രേലിയൻ യുവാവ് ബ്രെന്റൺ ഹാരിസൺ ടറന്റിനെതിരെ കൊലക്കുറ്റം ചുമത്തി. ഇയാൾ കടുത്ത മുസ്ലിം വിദ്വേഷിയാണെന്ന് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പൊലീസ് കണ്ടെത്തി. ന്യൂസിലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ ആക്രമണമാണ് ഇയാൾ നടത്തിയത്. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി.