ചെന്നൈ: ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് പൊള്ളാച്ചി സ്വദേശിയായ 19കാരിയെ നാലംഗസംഘം ചേർന്ന് വാഹത്തിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. അവളുടെ തുറന്നു പറച്ചിലിലൂടെ പുറത്തു വന്നത് സംഘത്തിന്റെ ഇരകളായ ഇരുന്നൂറോളം സ്ത്രീകളുടെ കഥകളാണ്.
ഏഴു വർഷം കൊണ്ടാണ് സംഘം ഇത്രയധികം സ്ത്രീകളെ വലയിലാക്കിയത്. ഒടുവിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് പീഡനത്തിനിരയായവർ മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കേണ്ടി വന്നു. വമ്പൻ സെക്സ് റാക്കറ്റിലെ ശബരീരാജൻ, തിരുനാവരശ്, സതീഷ്, വസന്തകുമാർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയായ ശബരീരാജനെ വാട്‌സാപ്പ് വഴിയാണ് പൊള്ളാച്ചി സ്വദേശിയായ 19കാരി പരിചപ്പെട്ടത്. ഇരുവരും ഒരേ കോളേജിലെ വിദ്യാർത്ഥികളായിരുന്നു. പെൺകുട്ടിയുടെ സഹോദരനും ഇയാളെ പരിചയമുണ്ട്. ഈ ബന്ധം മുതലെടുത്ത് ശബരീരാജൻ പെൺകുട്ടിയുമായി വാട്‌സാപ്പ് വഴി ബന്ധം സ്ഥാപിച്ചു. സൗഹൃദം ദൃഢമായതോടെ പൊള്ളാച്ചിയിലെ ബസ് സ്റ്റാന്റിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പെൺകുട്ടി ഫെബ്രുവരി 12ന് ബസ് സ്റ്റാന്റിലെത്തി. തുടർന്ന് അടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഒരു കാറിൽ കയറ്റി. ഇയാൾ പറഞ്ഞ ഹോട്ടലും കടന്ന് വണ്ടി മുന്നോട്ട് നീങ്ങിയതോടെയാണ് പെൺകുട്ടിക്ക് അപകടം മണത്തത്. കാറിനകത്ത് പ്രതികളായ തിരുനാവരശ്, സതീഷ്, വസന്തകുമാർ എന്നിവരും ഉണ്ടായിരുന്നു. ബഹളം വെച്ചതോടെ അവർ പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കി വസ്ത്രങ്ങൾ വലിച്ചുകീറി കാറിൽ നിന്ന് എന്നെ റോഡിലേക്ക് തള്ളിയിട്ടു. ദിവസങ്ങൾക്ക് ശേഷം കാറിനകത്തെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ശബരീ രാജൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ഇതോടെ പെൺകുട്ടി സംഭവം വീട്ടിലറയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ശബരീ രാജനെയും സംഘത്തെയും മർദ്ദിച്ചു. ഇവരിൽ നിന്ന് പിടികൂടിയ മൊബൈൽ പൊലീസിൽ ഏൽപ്പിച്ചു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന ലൈംഗിക പീഡനങ്ങളുടെ ചുരുളഴിഞ്ഞത്.
പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണം
പീഡന സംഭവുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും നീക്കം ചെയ്യണമെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടിരുന്നു. പ്രതികൾ യുവതികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതു ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപര്യ ഹർജിയിലാണു നടപടി. പരാതി നൽകിയ പെൺകുട്ടിയുടെ വിവരങ്ങൾ സർക്കാർ ഉത്തരവിൽ കടന്നുകൂടിയതിനു നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു.