കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് സീറ്റ് നിഷേധിച്ചതിനെതിരെ സിറ്റിംഗ് എം.പി. കെ.വി. തോമസ് രംഗത്തെത്തി. ചാൻ ആകാശത്ത് നിന്ന് പൊട്ടി വീണതല്ല, എന്തു തെറ്റാണ് ചെയ്തതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും കെ.വി.തോമസ് ആവശ്യപ്പെട്ടു. സീറ്റ് നിഷേധിച്ചതിൽ ദുഃഖമുണ്ട്. പ്രായമായത് തന്റെ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു സൂചന പോലും നൽകാതെ ഒഴിവാക്കിയതിൽ ദുഃഖവും വേദനയുമുണ്ട്. തനിക്ക് ആരോഗ്യവും പ്രവർത്തനശേഷിയുമുണ്ടെന്നും പൊതു പ്രവർത്തനരംഗത്ത് താൻ സജീവമായി ഉണ്ടാകും. തന്നോടൊരു വാക്ക് പോലും പറയാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കെ.വി.തോമസ് പറഞ്ഞു. തന്നെ കറിവേപ്പിലയാക്കാൻ ആർക്കും കഴിയില്ല. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ സാമൂഹിക പ്രവർത്തനവുമായി മുന്നോട്ടു പോകും. പ്രായമായത് തെറ്റല്ല. പാർട്ടിക്ക് വേണ്ടെങ്കിലും ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിക്കും. തന്റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണമെന്നും കെ.വി തോമസ് പറഞ്ഞു.
സജീവരാഷ്ട്രീയത്തിലുണ്ടാകുമെന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും തുറന്നു പറഞ്ഞ കെ.വി. തോമസ് പക്ഷേ ഹൈബി ഈഡനു വേണ്ടി പ്രചരണരംഗത്ത് സജീവമായി ഉണ്ടാകുമോ എന്ന് വ്യക്തമാക്കിയില്ല.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് കെ.വി.തോമസിന്റെ പ്രതികരണം. എറണാകുളത്ത് ഹൈബി ഈഡൻ എം.എൽ.എയെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഹൈബി ഈഡനൊപ്പം കെ.വി.തോമസിനെയും പരിഗണിച്ചിരുന്നു. അവസാനവട്ട ചർച്ചയിൽ കെ.വി.തോമസിനെ ഒഴിവാക്കി ഹൈബി ഈഡനെ ഉൾപ്പെടുത്തുകയായിരുന്നു.