ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ വന്നേക്കും
കൊച്ചി: തോൽവിയിൽ നിന്ന് തോൽവിയിലേക്ക് കൂപ്പ് കുത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ കൈപിടിച്ചുയർത്താൻ പുതിയ പരിശീലകൻ എത്തിയേക്കും. മോശം പ്രകടനം കാരണം ഡേവിഡ് ജയിംസിനെ പുറത്താക്കിയ ഒഴിവിലെത്തിയ നെലോ വിൻഗാദയ്ക്കു കീഴിലും ടീം മോശം പ്രകടനം തുടർന്നതോടെ അദ്ദേഹത്തിനും പുറത്തേക്കുള്ള വഴിതുറന്നതായാണ് വിവരം.
പൂനെ സിറ്റിയുടെ പരിശീലകൻ ഫിൽ ബ്രൗണിനെ കൊച്ചിയിലെത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന ശ്രമം.
സീസണിൽ അവസാന ആറു മത്സരങ്ങളിൽ പൂനെയെ പരിശീലിപ്പിച്ചത് ഇംഗ്ലീഷുകാരനായ ബ്രൗൺ ആയിരുന്നു. ആദ്യമായി ഹൾസിറ്റിയെ പ്രീമിയർ ലീഗിൽ എത്തിച്ചയാളാണ് ബ്രൗൺ. ബ്ലാക്ക്പൂൾ, ഡെർബി കൗണ്ടി, പ്രെസ്റ്റൻ നോർത്ത് എൻഡ്, സൗത്ത് എൻഡ് എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബ്രൗൺ പൂനെ സിറ്റിയുടെ പരിശീലകച്ചുമതലയേറ്റത്.
ബ്രൗണിനൊപ്പം മാഴ്‌സലീഞ്ഞോ, മലയാളി താരം ആഷിഖ് കരുണിയൻ എന്നിവരെയും തങ്ങളുടെ തട്ടകത്തിലെത്തിക്കാമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടൽ.
ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്രവും മോശം സീസണായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ ദിവസം സൂപ്പർ കപ്പിന്റെ ക്വാളിഫയറിൽ യുവ ടീമായ ഇന്ത്യൻ ആരോസിനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോറ്ര് പുറത്തായതോടെ ടീമിന്റെ പതനം പൂർത്തിയായിരുന്നു.
ഐ.എസ്.എല്ലിൽ 18 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിക്കാനായ അവർ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.