abdul-razak

ഇന്ത്യ മുന്നിൽ

ഹോങ്കോംഗ്: എസ്.എസ്.എൽ സി പരീക്ഷ പോലും ഉപേക്ഷിച്ച് ഏഷ്യൻ യൂത്ത് അത്‌ലറ്റിക്സിൽ പങ്കെടുത്ത അബ്ദുൾ റസാഖിന് സ്വർണത്തിളക്കം. ഹോങ്കോംഗ് വേദിയാകുന്ന മീറ്റിൽ ആൺകുട്ടികളുടെ 400 മീറ്ററിൽ 48.17 സെക്കന്റിൽ ഫിനിഷ് ചെയ്താണ് റസാഖ് സ്വർണം നേടിയത്.ശ്രീലങ്കയുടെ നാവിഷ്ക സന്ദീശ് (48.26 സെക്കന്റ്)​ വെള്ളിയും കസാഖിസ്ഥാന്റെ യെഫീം ടറസോവ് (48.59 സെക്കന്റ്)​ വെങ്കലവും നേടി.

റസാഖിന്റെ സുവർണനേട്ടത്തോടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്വർണ നേട്ടം ആറായി.
ആറു സ്വർണവും ഒരു വെള്ളിയും അഞ്ചു വെങ്കലവുമടക്കം ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

മാത്തൂർ സി.എഫ്.ഡി എച്ച്. എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അബ്ദുൾ റസാഖ്. മീറ്റിൽ പങ്കെടുക്കുന്നതിനാൽ റസാഖിന് പത്താം ക്ലാസ് പരീക്ഷ നഷ്ടമായിരുന്നു. എന്നാൽ പൊൻതിളക്കമുള്ള പ്രകടനത്തോടെ ആ സങ്കടം മായിച്ചുകളഞ്ഞിരിക്കുകയാണ് അബ്ദുൾ റസാഖ്. റായ്പുരിൽ നടന്ന യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് റസാഖ് ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. റായ്പുരിൽ കുറിച്ച (48.26 സെക്കന്റ്)​ സമയം മെച്ചപ്പെടുത്താനും റസാഖിനു കഴിഞ്ഞു. സംസ്ഥാന, ദേശീയ സ്‌കൂൾമീറ്റുകളിലും ഈയിനത്തിൽ റസാഖിനായിരുന്നു സ്വർണം. പരുത്തിപ്പുള്ളി ചേറാംകുളങ്ങരയിൽ മത്സ്യത്തൊഴിലാളികളായ റഷീദിന്റേയും ഷാജിദയുടേയും മകനായ അബ്ദുൾ റസാഖിന്റെ പരിശീലകൻ കെ.സുരേന്ദ്രനാണ്.