ന്യൂഡൽഹി : പത്തനംതിട്ട സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ ബി.ജെ.പി പട്ടികയ്‌ക്കും ഡൽഹിയിൽ അവസാനരൂപമായില്ല. മത്സരിക്കാനില്ലെന്ന നിലപാടു തുടരുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാൻ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നുണ്ട്. തുഷാറിനായി ഒഴിച്ചിട്ട തൃശൂരിലേക്ക് പരിഗണിച്ച കെ. സുരേന്ദ്രന്പത്തനംതിട്ട നൽകാമെന്നാണ് ആദ്യം നിർദ്ദേശമുണ്ടായത്.
എന്നാൽ പത്തനംതിട്ടയ്‌ക്കായി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്‌ക്കും എം.ടി. രമേശിനുമൊപ്പം കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനവും ആവശ്യമുന്നയിച്ചതാണ് തർക്കത്തിന് കാരണം. പത്തനംതിട്ടയിൽ മത്സരിക്കാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടെന്നാണ് കണ്ണന്താനത്തിന്റെ വാദം. മത്സരിക്കാനില്ലെന്ന് തുഷാർ ഇന്നലെയും ആവർത്തിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് വിളിപ്പിച്ച് സമവായമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ഇന്നലെ ചേർന്ന ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രചാരണത്തിൽ പിന്നിലാകുന്നത് തടയാൻ കേരളത്തിന്റെ പട്ടികയും ചർച്ച ചെയ്‌യുമെന്നാണ് കരുതിയത്. കേരളഘടകം തയ്യാറാക്കിയ എൻ.ഡി.എയുടെ സ്ഥാനാർത്ഥി പട്ടികയുമായി ശ്രീധരൻ പിള്ള രാവിലെ ഡൽഹിയിലെത്തിയിരുന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചർച്ചകളിൽ കുമ്മനം രാജശേഖരൻ, വി. മുരളീധരൻ എം.പി, പി.കെ. കൃഷ്‌ണദാസ്, സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശ്, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ്, കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സത്യകുമാർ എന്നിവരും പങ്കെടുത്തു.