കൊച്ചി: സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം ഉറപ്പാക്കാൻ ശക്തവും ബിസിനസ് സൗഹാർദ്ദവുമായ ഒട്ടേറെ നടപടികളെടുത്തതിന്റെ പെരുമ നരേന്ദ്ര മോദി നയിച്ച എൻ.ഡി.എ സർക്കാരിനുണ്ട്. നോട്ട് അസാധുവാക്കൽ, ജി.എസ്.ടി തുടങ്ങിയ സുധീര പരിഷ്‌കാര നടപടികളെടുത്ത് ലോക ശ്രദ്ധ തന്നെ മോദി നേടി. എന്നാൽ, ഇതൊന്നും ഓഹരി വിപണിയുടെ കുതിപ്പിന് വളമായില്ലെന്ന സൂചനയാണ് കണക്കുകൾ നൽകുന്നത്.
ബോംബെ ഓഹരി വിപണി (ബി.എസ്.ഇ സെൻസെക്‌സ്) മോദി ഭരണത്തിനു കീഴിൽ കുറിച്ചിട്ട മുന്നേറ്റം 48 ശതമാനമാണ്.
ഡോ. മൻമോഹൻ സിംഗ് നയിച്ച ആദ്യ യു.പി.എ സർക്കാരിന് കാലത്ത് (2004-2009) സെൻസെക്‌സ് 180 ശതമാനം മുന്നേറിയിരുന്നു. യു.പി.എ-2ന്റെ കാലയളവിൽ (2009-2014) നേട്ടം 78 ശതമാനവുമാണ്. അതേസമയം, രണ്ടാം യു.പി.എ ഭരണത്തിന്റെ അവസാന കാലഘട്ടത്തിൽ സെൻസെക്‌സ് കാഴ്‌ചവച്ച വൻകുതിപ്പിന് പിന്നിൽ മോദിയുടെ വൻ സ്വീകാര്യതയാണെന്ന കൗതുകവുമുണ്ട്. യു.പി.എ-2ന്റെ ആദ്യ 51 മാസക്കാലയളവിലെ സെൻസെക്‌സിന്റെ നേട്ടം 42 ശതമാനമായിരുന്നു. 2013 സെപ്‌തംബറിൽ നരേന്ദ്ര മോദിയെ എൻ.ഡി.എ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതുമുതൽ ഒമ്പത് മാസക്കാലയളവിൽ മാത്രം സെൻസെക്‌സ് 25 ശതമാനം കുതിച്ചു.
ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകൾ പലിശയിളവിന്റെ പാതയിൽ ആയിരുന്നതിനാൽ നിക്ഷേപകർക്ക് ഓഹരി വിപണികളിലേക്ക് വൻതോതിൽ പണമൊഴുക്കാൻ കഴിഞ്ഞതാണ് ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് സെൻസെക്‌സ് വൻ നേട്ടം കൊയ്യാൻ പ്രധാന കാരണം. എന്നാൽ, രണ്ടാം യു.പി.എ ഭരണകാലയളവിൽ ക്രൂഡോയിൽ വിലയുടെ കുതിച്ചുചാട്ടം വലിയ തിരിച്ചടിയായി. സ്‌പെക്‌ട്രം ഉൾപ്പെടെയുള്ള അഴിമതിക്കഥകൾ കേന്ദ്രസർക്കാരിനുമേൽ കളംനിറഞ്ഞാടിയതും ഓഹരി മുന്നേറ്രത്തിന് കുതിപ്പിന് തടയിട്ടു.
മോദി തരംഗത്തിന് പുറമേ, ക്രൂഡോയിൽ വില നേരിട്ട കനത്ത തകർച്ചയാണ് എൻ.ഡി.എ സർക്കാരിന്റെ ആദ്യമാസങ്ങളിൽ ഇന്ത്യൻ ഓഹരികളുടെ കുതിപ്പിന് വഴിയൊരുക്കിയത്. സാമ്പത്തിക പരിഷ്‌കരണങ്ങളിൽ ഊന്നിയുള്ള സർക്കാരിന്റെ നയങ്ങളും നിക്ഷേപക ലോകത്തിന്റെ കൈയടി നേടി. ഓരോ വർഷം പിന്നിടുമ്പോഴും ക്രൂഡോയിൽ വില നേട്ടത്തിലേക്ക് തിരിച്ചുകയറി. മോദി തരംഗത്തിന്റെ ശക്തിയും കുറഞ്ഞു. അതോടെ, നിക്ഷേപകരുടെ ആത്‌മവിശ്വാസവും കുറയുകയായിരുന്നു.
ഇക്കുറി, രാജ്യം വീണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ചുവടുവയ്‌ക്കുമ്പോൾ പ്രത്യേകിച്ച് വ്യക്തിപ്രഭാവ തരംഗവുമില്ല. ദുർബലമായ കൂട്ടുകക്ഷി ഭരണത്തേക്കാൾ ഇന്ത്യയ്ക്ക് നല്ലത്, ശക്തനായ ഒരു ഭരണാധികാരി നയിക്കുന്ന സർക്കാരാണെന്ന ചിന്താഗതി നിക്ഷേപകർക്കുണ്ട്. എങ്കിലും, ഇത്തവണ എൻ.ഡി.എയ്ക്ക് പകരം യു.പി.എ അധികാരത്തിൽ ഏറിയാലും സാമ്പത്തിക പരിഷ്‌കരണ നടപടികൾക്ക് ഇടവേളയുണ്ടാവില്ല എന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ട്. ഇത്, സെൻസെക്‌സിന്റെ കുതിപ്പ് തുടരാൻ സഹായകമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തലുകൾ.
എൻ.ഡി.എയും യു.പി.എയും
സെൻസെക്‌സിന്റെ കുതിപ്പും
വാജ്‌പേയിയുടെ എൻ.ഡി.എ
(സെൻസെക്‌സ് പോയിന്റ്)
ഒക്‌ടോബർ, 1999 - 4,981
മാർച്ച്, 2004 - 5,815
യു.പി.എ-1
മാർച്ച്, 2004 - 4,961
മാർച്ച്, 2009 - 8,446
യു.പി.എ-2
മാർച്ച്, 2009 - 13,736
മാർച്ച്, 2014 - 21,209
മോദിയുടെ എൻ.ഡി.എ
മാർച്ച്, 2014 - 24,716
മാർച്ച്, 2019 - 38,024