മഴയും മഞ്ഞും വെയിലും മാറി മാറി വന്നു. കാലം തെറ്റി പൂത്ത മഞ്ഞ കണിക്കൊന്നപ്പൂക്കൾ മൗനമായി മണ്ണിൽ വീണു തുടങ്ങി. വിഷുവിന് നാളുകളെണ്ണി കാത്തിരിക്കുകയാവാം വിഷുപ്പക്ഷികൾ. പണ്ടൊരു ഏപ്രിൽ മാസത്തിൽ തങ്ങളെ തനിച്ചാക്കി പോയ മകന്റെ ഓർമ്മയെ താലോലിക്കാൻ എറണാകുളം മഞ്ഞുമ്മലിലെ തറവാട്ടുവീട്ടിൽ ഇപ്പോൾ ചിന്നമ്മ തനിച്ചാണ്. ഇനിയൊരു വിഷുക്കാലത്ത് ക്ളിന്റിന്റെ അസാന്നിദ്ധ്യം പൊള്ളുന്ന വേദനയായി അനുഭവിക്കാതെ, അവന്റെയരികിലേക്ക് ഈ പുതുവർഷത്തിൽ പ്രിയപ്പെട്ട പപ്പ ജോസഫും പോയി, ഇപ്പോൾ ചിന്നമ്മ തനിച്ചാണ്. ഒരുപക്ഷേ ചിന്നമ്മയെന്ന പേര് മാത്രം കേട്ടാൽ മലയാളിക്ക് ആളെ തിരിച്ചറിയാനാവില്ല. ആ പേരിനൊപ്പം അടയാളപ്പെടുത്തേണ്ട മറ്റൊരു വിശേഷണമുണ്ട്, 'ക്ളിന്റിന്റെ" അമ്മ എന്ന ഓർമ്മപ്പെടുത്തൽ. അത്രമേൽ മനസുചേർത്തുമാത്രമേ മലയാളികൾ എപ്പോഴും ചിന്നമ്മയെ ഓർക്കാറുള്ളൂ. വരയുടെ ഭൂപടത്തിൽ ഇന്നും കേരളത്തിന്റെ മുഖമായ, ഏഴു വയസിനുള്ളിൽ ചിത്രകലയുടെ സകല അത്ഭുതങ്ങളും ലോകത്തെ കാട്ടിക്കൊതിപ്പിച്ച് ഓർക്കാപ്പുറത്ത് യാത്ര പറഞ്ഞ അത്ഭുത ബാലൻ, ക്ളിന്റ്.
ക്ളിന്റ് ജനിക്കുന്നത് വരെ വരയോടോ നിറങ്ങളോടോ അത്രയൊന്നും അടുപ്പമില്ലാതിരുന്ന, സ്പോർട്സിനോട് മാത്രം ഇഷ്ടമുള്ളവരായിരുന്നു ജോസഫും ചിന്നമ്മയും. വിവാഹിതരായി ഒരു വർഷത്തിനുള്ളിൽ, കൃത്യമായി പറഞ്ഞാൽ 1976 മെയ് 19ന് ആണ് ക്ളിന്റ് ഇവരുടെ ജീവിതത്തിലേക്ക് വരുന്നത്. പ്രിയ ഹോളിവുഡ് താരം ക്ളിന്റ് ഈസ്റ്റ്വുഡിന്റെ പേരിൽ നിന്നാണ് കുഞ്ഞുമോന് എഡ്മണ്ട് തോമസ് ക്ളിന്റ് എന്ന് ജോസഫ് പേരിട്ടത്. സ്നേഹം ചായം പൂശിയ വീടായിരുന്നു പിന്നീടത്. ക്ളിന്റിന്റെ കളി ചിരികളിൽ, വരകളിൽ ചുറ്റുപാടും വിരിഞ്ഞത് സന്തോഷം മാത്രം. അവന് അഞ്ചുമാസം പ്രായമുള്ളപ്പോഴാണ് ജോസഫിന്റെ വീട്ടിൽ നിന്ന് തേവരയിലുള്ള ക്വാട്ടേഴ്സിലേക്ക് അവർ താമസം മാറുന്നത്. അന്ന് ഐ.സി.ആർ.സിയിലായിരുന്നു ജോസഫിന് ജോലി. ബിസിനസ് നടത്തി സാമ്പത്തികമായി തകർന്ന കാലത്തായിരുന്നു പൊന്നോമനയ്ക്കൊപ്പമുള്ള കൂടുമാറ്റം. ക്ളിന്റിന്റെ കളിക്കൊഞ്ചലുകൾ നിറഞ്ഞ തറവാട് വീട് വിട്ടു മറ്റൊരിടത്തേക്ക് ജീവിതം പറിച്ചുനടേണ്ടി വന്നത് അവർക്ക് വലിയ വേദനയായിരുന്നു സമ്മാനിച്ചത്. ആ സങ്കടം മാറ്റാൻ ആകെ കരുത്തായത് കുഞ്ഞുമോന്റെ സ്നേഹസാന്നിദ്ധ്യവും. അവൻ കൂടെയുണ്ടല്ലോ എന്ന സമാധാനത്തിൽ ആ വിഷമകാലവും അവർ മറികടന്നു. പക്ഷേ ആ ആശ്വാസം അധികനാൾ നീണ്ടുനിന്നില്ല. കൃത്യമായി പറഞ്ഞാൽ ആറുവർഷവും പത്തുമാസവും 26 ദിവസങ്ങളും... പ്രിയപ്പെട്ടതിനെയൊക്കെ ഭൂമിയിൽ ബാക്കിയാക്കി അവൻ നിറങ്ങളും ചിത്രശലഭങ്ങളും പൂക്കളുമുള്ള ഈ ലോകത്തോട് മൗനമായി യാത്ര പറഞ്ഞു.
ക്ളിന്റിനൊപ്പമുണ്ടായിരുന്ന ഓരോ നിമിഷവും ചിന്നമ്മയ്ക്ക് ഇന്നും ഒളിമങ്ങാത്ത ഓർമ്മകളാണ്. ക്ളിന്റ് വരച്ച ചിത്രം തലോടി അവൻ വരച്ചു തുടങ്ങിയ കഥ പറഞ്ഞു തുടങ്ങി ആ അമ്മ. കുഞ്ഞിന് ആറുമാസം പ്രായം. ക്വാട്ടേഴ്സിലെ മറ്റു കുട്ടികളോടൊപ്പം കളിക്കാൻ വിട്ട് ചിന്നമ്മ തുണിയലക്കാനും വിരിക്കാനുമായി പോകും. സ്കൂൾ അവധി ദിവസങ്ങളിൽ അനിയത്തിയും കൂട്ടുണ്ടാകും. പലപ്പോഴും മുറി വൃത്തിയാക്കുമ്പോൾ ചെറുകല്ലുകളും ഇഷ്ടികക്കഷണങ്ങളും കിട്ടുമായിരുന്നു. ക്ലിന്റ് കളിക്കാൻ കൊണ്ടു വരുന്നതാണെന്ന് കരുതി അനിയത്തി അവയെടുത്ത് കളയുകയാണ് പതിവ്. അങ്ങനെ അനിയത്തി ഇല്ലാതിരുന്ന ഒരു ദിവസം താഴെ നിന്ന് കുഞ്ഞു ക്ളിന്റിനെയുമെടുത്ത് മുറിയിലേക്ക് വരുമ്പോഴാണ് അവന്റെ കുഞ്ഞുകൈക്കുള്ളിൽ ഇഷ്ടികത്തുണ്ട് ചുരുട്ടിപ്പിടിച്ചത് കണ്ടത്. നല്ല ഭക്ഷണം കൊടുത്തിട്ടും മണ്ണ് തിന്നാനാണോ ഇവന്റെ പുറപ്പാട് എന്നായിരുന്നു ചിന്നമ്മയുടെ ആവലാതി.
ജോസഫിനോട് പറഞ്ഞപ്പോൾ എന്താ ചെയ്യുന്നതെന്ന് നോക്കാമെന്നായിരുന്നു മറുപടി. അങ്ങനെയാണ് അവന്റെ കുഞ്ഞിക്കൈകളാൽ അവൻ കോറിയിടുന്ന വരകൾ ചിന്നമ്മ കാണുന്നത്. മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞ ജോസഫ് ഇഷ്ടികക്കഷ്ണത്തിന് പകരം അന്ന് ചോക്കുകഷണം ആ കുഞ്ഞുകൈകളിൽ പിടിപ്പിച്ചു. നിമിഷ നേരം കൊണ്ട് മുറി നിറയെ വെളുത്ത വരകൾ നിറഞ്ഞു. പിന്നീട് അത്ഭുത വേഗത്തിലായിരുന്നു അവനിലെ ചിത്രകാരൻ വളർന്നത്. വരകളിൽ നിന്ന് വട്ടത്തിലേക്ക്, ചോക്കിൽ നിന്ന് ക്രയോൺസിലേക്ക്, തറയിൽ നിന്ന് ചുവരിലേക്ക്, മതിലിൽ നിന്ന് പേപ്പറുകളിലേക്ക്.. ക്ളിന്റിലെ പ്രതിഭ ജനിക്കുകയായിരുന്നു, ഒപ്പം പകരം വയ്ക്കാനില്ലാത്ത ചിത്രങ്ങളും അവന്റെ പ്രതിഭയ്ക്കുള്ള തെളിവായി പിറന്നു കൊണ്ടിരുന്നു.
അക്ഷരങ്ങളും വാക്കുകളും അവൻ പഠിച്ചത് ചിത്രങ്ങളിലൂടെയാണ്. കിടന്നുകാണുന്നതും അമ്മയ്ക്കൊപ്പം മുറ്റത്തേക്കിറങ്ങുമ്പോൾ മനസിൽ പതിയുന്നതും അച്ഛനുമമ്മയും പറഞ്ഞുകൊടുക്കുന്ന കഥകളും അങ്ങനെ ചുറ്റിലും സംഭവിക്കുന്നതെല്ലാം അവന്റെ വരകളിൽ നിറഞ്ഞു. സൂര്യോദയവും സൂര്യാസ്തമയവും ഉത്സവപ്പറമ്പുകളുമെല്ലാം ചിത്രങ്ങളായി. പുരാണകഥകളിലെ കഥാപാത്രങ്ങൾക്ക് അവന്റെ വരകളിൽ ജീവൻ വച്ചു. ചിത്രരചനാ മത്സരങ്ങളിൽ അവൻ സമ്മാനങ്ങൾ വാരിക്കൂട്ടി. ആ കുഞ്ഞിന്റെ പേര് പ്രശസ്തമായി. ക്ളിന്റിന്റെ വര കാണാൻ വേണ്ടി മാത്രം ആളുകൾ ചിത്രരചനാ മത്സരങ്ങൾ നടക്കുന്നിടങ്ങളിൽ തിങ്ങിക്കൂടി. തെയ്യം കലാകാരന്മാർ പോലും അപൂർണമാക്കിയിടുന്ന മുച്ചിലോട്ട് ഭഗവതിയുടെ ചിത്രം ഒറ്റക്കാഴ്ചയിൽ തന്നെ പൂർണ്ണതയോടെ പകർത്തിയത് തീർത്തും അതിശയമായിരുന്നു.
ഒരു ഡോക്ടറുടെ ചെറിയ അശ്രദ്ധ, അതാണ് ക്ളിന്റിന്റെ ജീവിതരേഖ പാതിയിൽ മുറിച്ചത്. രണ്ടുവയസുള്ളപ്പോൾ അവന് വന്ന വെറും വയറിളക്കത്തിന് ഡോക്ടർ നൽകിയത് മറ്റൊരു രോഗത്തിനുള്ള മരുന്ന്. ഒരു വർഷത്തോളം കഴിച്ച ആ മരുന്ന് ഒരു അസുഖവും ഇല്ലാതിരുന്ന അവനിൽ രോഗമുണ്ടാക്കി. കാര്യം തിരിച്ചറിഞ്ഞ ഒരു ഹോമിയോ ഡോക്ടർ ഏഴുവയസു വരെ മകനെ നന്നായി ശ്രദ്ധിക്കണമെന്ന് ജോസഫിനും ചിന്നമ്മയ്ക്കും മുന്നറിയിപ്പ് നൽകി.
1983 ഏപ്രിൽ 14. ഏഴാം പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി. അന്ന് അവൻ ചിത്രങ്ങളൊന്നും വരച്ചില്ല. മൗനമായിരുന്നു കൂടുതൽ നേരവും. വരയ്ക്കുന്നില്ലേ എന്ന ചിന്നമ്മയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. എന്നെ ഒന്നു കിടത്തൂ അമ്മേ എന്ന് കൊഞ്ചി. ചിന്നമ്മ മകനെയെടുത്തു കട്ടിലിൽ കിടത്തി പുതപ്പിച്ചു. പതിവിലും വേഗത്തിൽ ഉറക്കത്തിലേക്ക് ആണ്ടു പോയി അവൻ. ആ കിടത്തത്തിലെ അസ്വാഭാവികത കണ്ട് ജോസഫിനെ വിളിച്ചു വരുത്തി അവർ ആശുപത്രിയിലേക്ക് ഓടി. ആ ഉറക്കം ഒരിക്കലുമുണരാത്ത കോമയിലേക്കും പിന്നീട് മരണത്തിലേക്കുമായി നീണ്ടു. അപ്രതീക്ഷിതമായ വേർപാട്. ജോസഫും ചിന്നമ്മയും കണ്ണീരോടെ പരസ്പരം ചേർത്തുപിടിച്ചു. വരയ്ക്കാനേറെ ചിത്രങ്ങൾ ബാക്കിയാക്കി അവൻ യാത്രയായപ്പോൾ ചിന്നമ്മയ്ക്കും ജോസഫിനും ജീവിതത്തിന്റെ ലക്ഷ്യമാകെ മാറുകയായിരുന്നു.
ക്ളിന്റിനെ പിന്നീട് ലോകം വാഴ്ത്തിയത് അത്ഭുതബാലൻ എന്നാണ്. ഒറ്റക്കാഴ്ചയിൽ തന്നെ പൂർണതയോടെ ചിത്രം പകർത്താനായവൻ, കുഞ്ഞുപ്രായത്തിലേ കാൽ ലക്ഷത്തിലേറെ ചിത്രങ്ങൾ വരച്ചവൻ അങ്ങനെ ആ കുഞ്ഞിന്റെ വിശേഷണങ്ങൾ നീളുന്നു. ക്ളിന്റിനെ ഒന്നിനും നിർബന്ധിച്ചിരുന്നില്ല. വരയ്ക്കാനും വരയ്ക്കാതിരിക്കാനും. അവന്റെ ഇഷ്ടമനുസരിച്ച് എന്തും ചെയ്യാനുള്ള പൂർണസ്വാതന്ത്ര്യം നൽകിയവരായിരുന്നു അവർ. അസ്വസ്ഥത ഉണ്ടാക്കുന്ന ചുറ്റുപാടുകളോട് ക്ളിന്റ് എന്നും മുഖം തിരിച്ചിരുന്നു. അതേ സമയം തീരെ ചെറിയ കാര്യങ്ങളിൽ അവന് വലിയ സന്തോഷവുമായിരുന്നു. ക്ളിന്റ് പോയ ശൂന്യത ജീവിതത്തെ തന്നെ തകർക്കാനുള്ള തീക്ഷ്ണതയുള്ളതായിരുന്നു. എന്നിട്ടും കൺമുന്നിൽ ക്ളിന്റ് വരച്ചിട്ടുപോയ ചിത്രങ്ങൾ നെഞ്ചോട് ചേർത്തുവച്ച് ഇരുവരും മുന്നോട്ടുപോയി. ആ ഓർമ്മകളായിരുന്നു ജീവശ്വാസം. കണ്ടുമുട്ടിയവരോടെല്ലാം അവന്റെ വിശേഷങ്ങൾ പങ്കുവച്ചു. വരച്ച ചിത്രങ്ങൾ ലോകത്തെ കാട്ടിക്കൊടുത്തു. അവരുടെ വേദനകള പതിയെ പതിയെ മറന്നുതുടങ്ങി. അങ്ങനെചിന്നമ്മയ്ക്ക് ജോസഫും ജോസഫിന് ചിന്നമ്മയും താങ്ങായി, തണലായി ജീവിതം പിന്നെയും മുന്നോട്ട് തള്ളി നീക്കി.
ജോസഫ് ജോലിയിൽ നിന്നും വിരമിച്ച ശേഷം കലൂരിൽ 'ക്ളിന്റ് " എന്ന പേരിട്ട വീടുവച്ച് ഇരുവരും താമസം മാറി. മുറികൾ നിറയെ അവൻ വരച്ച ചിത്രങ്ങൾ. ക്ളിന്റ് നട്ട ആൽമരവും ചട്ടിയിലേക്ക് പറിച്ചുനട്ട് കൂടെക്കൊണ്ടു പോന്നു. ജീവിതസായാഹ്നത്തിലെത്തിയപ്പോൾ മരണത്തെക്കുറിച്ച് ജോസഫും ചിന്നമ്മയും ചിന്തിച്ചിരുന്നു. മകന്റെ കല്ലറയ്ക്ക് മുകളിൽ അടക്കപ്പെടുമോ എന്ന ആശങ്കയായിരുന്നു ആ മരണചിന്തകളിൽ നിറഞ്ഞു നിന്നത്. ഒടുവിൽ മരണശേഷം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകുന്നതിനുള്ള സമ്മതപത്രത്തിൽ ഇരുവരും ഒന്നിച്ച് ഒപ്പിട്ടു നൽകി.
ജീവിതത്തിൽ എന്നെങ്കിലും ഒറ്റയ്ക്കായി പോകുമെന്ന് ഒരിക്കലും ഓർത്തിരുന്നില്ലെന്ന് പറയുന്നു ചിന്നമ്മ. അല്ലെങ്കിൽ പിന്നെ രണ്ട് വർഷങ്ങൾക്ക് മുമ്പ് ഹൃദയാഘാതം വന്ന് മരണത്തിലേക്ക് യാത്ര പുറപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ, ജോസഫ് തനിച്ചാകുമല്ലോ എന്ന് ചിന്തിച്ച് താൻ പിടഞ്ഞെഴുന്നേറ്റത് എന്തിനായിരുവുവെന്ന ചോദ്യം ചിന്നമ്മയുടെ കണ്ണുകളിൽ ഇപ്പോഴം ബാക്കിയാണ്. അന്ന് ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷവും മകന്റെ ഓർമ്മയിൽ അവർ ഒന്നിച്ചു കരയുകയും ചിരിക്കുകയും ചെയ്തുവല്ലോ, ഈ പുതുവർഷപ്പുലരി വരെ.
ക്ളിന്റിന്റെ പേരിൽ നടക്കുന്ന ഗ്ളോബൽ ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാനായി നാൽപ്പതിനായിരത്തിലേറെ ചിത്രങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി എന്നതാണ് ജോസഫ് മകന്റെ പേരിൽ അവസാനമായി കേട്ട വാർത്ത. 2018 ഡിസംബർ 31 ന്. അത് കേട്ട് ഒരുപാട് അദ്ദേഹം സന്തോഷിച്ചു. തൊട്ടടുത്ത നാൾ പനിയും ചുമയും. ആശുപത്രിയിലെത്തിച്ചപ്പോൾ ഐ.സി.യുവിലേക്കും തുടർന്ന് വെന്റിലേറ്ററിലേക്കും. ജനുവരി 18ന് ചിന്നമ്മയോട് യാത്ര പോലും പറയാതെ ജോസഫ് ക്ളിന്റിനടുത്തേക്ക് പോയി. ജീവിത വഴിയിൽ ചിന്നമ്മ എന്നെന്നേക്കുമായി തനിച്ചായി.
ജോസഫ് ഇല്ലെങ്കിലും കലൂരിലെ വീട് ഉപേക്ഷിക്കാൻ ചിന്നമ്മയ്ക്കാവില്ല. കാരണം ക്ളിന്റിനായി ജോസഫ് ബാക്കി വച്ചുപോയ ഉത്തരവാദിത്തങ്ങൾ ഇനിയും നിറവേറ്റാനുണ്ട്. ജീവിച്ചിരുന്നെങ്കിൽ മേയ് 19 ന് 43 വയസാകുമായിരുന്നു ക്ളിന്റിന്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ക്ളിന്റിന്റെ ചിത്രങ്ങൾ സംരക്ഷിക്കാനുള്ള പരിപാടി നടക്കുകയായിരുന്നു. ചിത്രങ്ങളെല്ലാം സ്കാൻ ചെയ്ത് ഹാർഡ് ഡിസ്കിലാക്കുന്ന ജോലി നടക്കവെയാണ് പ്രളയമുണ്ടായത്. ജോസഫായിരുന്നു ഇതിനെല്ലാം മുന്നിൽ നിന്നത്. ആ പ്രവർത്തനങ്ങളെല്ലാം വീണ്ടും തുടങ്ങണം. ക്ളിന്റ് ഗ്ലോബൽ ചിത്രരചനാമത്സരത്തിലെ വിജയിയെ കണ്ടെത്തണം. ക്ളിന്റിനായി കൊച്ചി നഗരത്തിൽ തുടക്കമിടുന്ന മ്യൂസിയത്തിന്റെ പ്രവർത്തനങ്ങളിൽ കൂടെ നിൽക്കണം.
ക്ളിന്റ് നട്ട ആ ആൽമരം നിയമസഭാ മന്ദിരത്തിന്റെ അങ്കണത്തിൽ വയ്ക്കാമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാക്ക് നൽകിയിട്ടുണ്ട്. അവിടെ ആ ആൽമരം തളിരിടുന്നത് കണ്ണു നിറയെ കാണണം. അതിന്റെ ചോട്ടിൽ പോയി കുറച്ചു നേരം ഒറ്റയ്ക്കിരിക്കണം. അപ്പോൾ ക്ളിന്റ് കാറ്റായി വന്ന് കൈതൊടുമെന്ന് അമ്മയ്ക്കുറപ്പുണ്ട്. തൊട്ടരികിൽ അതെല്ലാം കേട്ടിരുന്ന് ക്ളിന്റ് പുഞ്ചിരിക്കുന്നത് മനസിൽ കണ്ടാവണം ചിന്നമ്മയുടെ കണ്ണിലും കണ്ണീരുപ്പുള്ള ഒരു ചിരി തെളിഞ്ഞത്.